കോട്ടയം ∙ നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം ഒരു സിനിമാ നടിയെന്നു കേസിലെ പ്രതി പൾസർ സുനി. ഈ നടിയുടെ പേര് ബുധനാഴ്ച വെളിപ്പെടുത്തും. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സിംകാർഡ് സംഘടിപ്പിച്ച കേസിൽ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ ശേഷം പുറത്തിറങ്ങിയപ്പോഴാണു പൾസർ സുനി ഇക്കാര്യം വെളിപ്പെടത്തിയത്. കേസ് മറ്റൊരു ദിവസത്തേക്കു മാറ്റി.
സിനിമാ രംഗത്തുനിന്നുള്ള ഒരാളാണ് മാഡമെന്നും താൻ പറഞ്ഞത് കെട്ടുകഥയല്ലെന്നും പൾസർ സുനി കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. ഈ മാസം 16നുള്ളിൽ വിഐപി കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്നും സുനി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സിനിമാ നടിയാണ് ‘മാഡ’മെന്ന് സുനി വ്യക്തമാക്കിയത്.
നടിയെ ആക്രമിച്ച കേസിൽ ഇനിയും സ്രാവുകൾ പിടിയിലാകാനുണ്ടെന്നു ആവർത്തിക്കുന്നതിനിടെയാണ് ‘മാഡം’ എന്നതു കെട്ടുകഥയല്ലെന്ന് സുനി വെളിപ്പെടുത്തിയത്. ഇനിയും വൻ സ്രാവുകളുണ്ടെന്നും വ്യക്തമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും സുനി മുൻപും അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ കുടുങ്ങിയതു തന്നെയാണോ സ്രാവ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ, ഇനിയുമുണ്ടല്ലോ' എന്നായിരുന്നു സുനി മുൻപ് പ്രതികരിച്ചത്.