തൃശൂർ∙ ട്രെയിൻ യാത്രയ്ക്കിടെ പീഡനത്തിനിരയായി മരിച്ച സൗമ്യയുടെ പോസ്റ്റുമോർട്ടം സംബന്ധിച്ച വിവാദത്തിൽ ഡോ.എ.കെ. ഉന്മേഷ് കുറ്റക്കാരനല്ലെന്നു വിജിലൻസ് റിപ്പോർട്ട്. പ്രതിഭാഗം ചേർന്ന് ഉന്മേഷ് അവിഹിതനേട്ടമുണ്ടാക്കിയെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്നും ദ്രുതപരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് അംഗീകരിച്ച തൃശൂർ വിജിലൻസ് കോടതി പരാതി തീർപ്പാക്കി. സൗമ്യവധക്കേസ് വിചാരണക്കിടെയുണ്ടായ ഈ വിവാദത്തെ തുടർന്ന് ഡോ.ഉന്മേഷിന് സസ്പെൻഷൻ വരെ നേരിടേണ്ടിവന്നു.
പോസ്റ്റുമോർട്ടം ചെയ്തതാര് എന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സൗമ്യക്കേസിനെ തുടക്കം മുതൽ വിവാദത്തിലാക്കിയത്. ഡോ.ഉന്മേഷ് തന്നെയാണ് അത് ചെയ്തത് എന്ന് വ്യക്തമായിരുന്നെങ്കിലും ഫൊറൻസിക് മേധാവിയായിരുന്ന ഡോക്ടർ ഷേർളി വാസുവിനെയാണ് പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയത്. അസോസിയേറ്റ് പ്രഫസറായിരുന്ന ഡോക്ടർ എ.കെ. ഉന്മേഷിനെ പ്രതിഭാഗവും സാക്ഷിയാക്കി. കോടതി സമൻസ് അയച്ചതുപ്രകാരം ഉന്മേഷ് ഹാജരായി മൊഴി നൽകി. ഡോക്ടർ ഷേർളിയുടെയും ഉന്മേഷിന്റെയും മൊഴികൾ തമ്മിൽ കാര്യമായ വ്യത്യാസം ഒന്നുമുണ്ടായില്ലെങ്കിലും ഇതോടെ ഉന്മേഷ് പ്രതിഭാഗം ചേർന്നുവെന്ന മട്ടിൽ പ്രചാരണങ്ങളുണ്ടായി. ഉന്മേഷ് സസ്പെൻഷനിലുമായി. പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളത്തിന്റെ പരാതിയിൽ തൃശൂർ വിജിലൻസ് കോടതി ദ്രുതപരിശോധനയ്ക്കും ഉത്തരവിട്ടു.
ഇതിന്റെ റിപ്പോർട്ടിലാണ് ഉന്മേഷ് അവിഹിതനേട്ടം ഉണ്ടാക്കിയതിന് ഒരു തെളിവുമില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നത്. അത്തരം തെളിവൊന്നും ഹാജരാക്കാന്‍ പരാതിക്കാരനും കഴിഞ്ഞിട്ടില്ല. കൂടുതൽ നടപടി ആവശ്യമില്ലെന്നും ശുപാർശ ചെയ്തുളള റിപ്പോർട്ട് കോടതി അതേപടി അംഗീകരിക്കുകയായിരുന്നു. പ്രോസിക്യൂഷനോ പ്രതിഭാഗമോ സാക്ഷിയാക്കിയാലും കോടതി വിളിച്ചാൽ ഹാജരായി സത്യം ബോധിപ്പിക്കാൻ ഉദ്യോഗസ്ഥനു ബാധ്യതയുണ്ടെന്നും അതിന്റെ പേരിൽ കുറ്റം ആരോപിക്കാൻ കഴിയില്ലെന്നും കൂടി തൃശൂർ വിജിലന്‍സ് കോടതി വിധിയില്‍ വ്യക്തമാക്കി.