കടലിൽ 'ഉരുക്കുകോട്ട' കെട്ടാൻ തീരസംരക്ഷണ സേന; പടയൊരുക്കത്തിന് 31,748 കോടി

ന്യൂഡൽഹി∙ അതിർത്തികളിൽ ചൈനയും പാക്കിസ്ഥാനും നിരന്തരം പ്രകോപനം സൃഷ്ടിക്കുന്നതിനിടെ, രാജ്യത്തിന്റെ 7,516 കിലോമീറ്റർ കടൽത്തീരം ഉരുക്കുകോട്ട കെട്ടി കാക്കാൻ തീരസംരക്ഷണ സേന. അഞ്ചുവർഷത്തെ നവീകരണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ 31,748 കോടി രൂപ സേനയ്ക്ക് അനുവദിച്ചു. കടലിലൂടെയുള്ള ശത്രുവിന്റെ കടന്നുകയറ്റവും ഏതുതരം ആക്രമണങ്ങളും തടയാൻ തീരസംരക്ഷണ സേനയെ സജ്ജമാക്കുകയാണു ലക്ഷ്യം.

കര, വ്യോമ, നാവിക സേനകൾ കഴിഞ്ഞാൽ രാജ്യത്തെ പ്രധാന സേനാവിഭാഗമാണ് തീരസംരക്ഷണ സേന. 2008ലെ 26‌\11 മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് തീരസേനയുടെ പ്രധാന്യം കൂടിയത്. കടൽത്തീരം നിരീക്ഷിക്കാൻ കൂടുതൽ പട്രോളിങ് വാഹനങ്ങൾ, ബോട്ടുകൾ, ഹെലികോപ്ടറുകൾ, വിമാനങ്ങൾ, അടിയന്തര ഓപ്പറേഷൻ സംവിധാനം തുടങ്ങിയവ ഒരുക്കാനാണ് പണം അനുവദിച്ചിട്ടുള്ളത്. പ്രതിരോധ സെക്രട്ടറി സഞ്ജയ് മിത്രയുടെ അധ്യക്ഷതയിൽ ഈമാസം ആദ്യമാണ് യോഗം ചേർന്ന് പദ്ധതികൾ‌ക്ക് അന്തിമരൂപം നൽകിയത്.

175 കപ്പലുകളും 110 വിമാനങ്ങളും ഉള്ള കരുത്തുറ്റ വിഭാഗമാക്കി തീരസംരക്ഷണസേനയെ 2022ൽ ഒരുക്കുകയാണ് സർക്കാരിന്റെ പദ്ധതി. 7,516 കിലോമീറ്റർ കടൽത്തീരം, 1,382 ദ്വീപുകൾ, മൂന്ന് ദശലക്ഷം ചതുരശ്ര കിലോമീറ്റർ വരുന്ന എക്സ്ക്ലൂസീവ് എക്കണോമിക് സോണുകൾ എന്നിവയാണ് ഇന്ത്യയ്ക്കുള്ളത്. ഇവയുടെ നിരീക്ഷണച്ചുമതല തീരസംരക്ഷണ സേനയ്ക്കാണ്. ശത്രുക്കളെ നേരിടുന്നതിനൊപ്പം കടൽവിഭവങ്ങളുടെയുടെയും ദ്വീപുകളുടെയും സംരക്ഷണം, ആന്റി പൈറസി, മയക്കുമരുന്നു വേട്ട, എണ്ണച്ചോർച്ചയുടെ ഭാഗമായുണ്ടാകുന്ന എണ്ണപ്പാടകൾ ഒഴിവാക്കൽ, മലിനീകരണ നിയന്ത്രണ പരിപാടികൾ തുടങ്ങിയവയും സേനയുടെ ജോലികളിൽപ്പെടും.

60 വലിയ കപ്പലുകൾ, വെള്ളത്തിലും കരയിലും തെന്നിനീങ്ങുന്ന 18 ഹോവർക്രാഫ്റ്റുകൾ, 52 ചെറിയ ഇന്റർസെപ്ടർ ബോട്ടുകൾ, 39 ഡോണിയർ നിരീക്ഷണ വിമാനങ്ങൾ, 19 ചേതക് ചോപ്പറുകൾ, നാല് ധ്രുവ് ഹെലികോപ്ടറുകൾ എന്നീ സന്നാഹങ്ങളാണ് നിലവിൽ സേനയുടെ കൈവശമുള്ളത്. വലിയ പദ്ധതികൾക്കൊപ്പം 5000 കോടി രൂപ ചെലവിട്ട് 30 ഹെലികോപ്ടറുകൾ വാങ്ങാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. 1,600 ഓഫിസർമാർ, 9,000 ജീവനക്കാർ, 1200 ഗ്രാമവാസികൾ എന്നിങ്ങനെയാണ് സേനയുടെ മനുഷ്യവിഭവശേഷി.