കൊൽക്കത്ത∙ മോദിപ്രഭാവത്തിനു മുന്നിൽ മമത ബാനർജിയും മനസ്സ് മാറ്റുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിരോധമില്ലെന്ന് മമത തുറന്നു പ്രഖ്യാപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാജ്യത്ത് രാഷ്ട്രീയപാർട്ടികളിൽ കൂറുമാറ്റവും മുന്നണിമാറ്റങ്ങളും സജീവമായിരിക്കെയാണ്, ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയും ഗോൾ പോസ്റ്റ് നീക്കിവച്ചതെന്നതു ശ്രദ്ധേയമാണ്.
‘നരേന്ദ്രമോദിയോട് എനിക്ക് താൽപര്യമാണ്. പക്ഷേ അമിത് ഷായോട് ഇല്ല. പ്രധാനമന്ത്രിയെ ഞാൻ കണ്ണടച്ച് ആക്ഷേപിക്കുന്നില്ല. എന്തിന് ഞാനങ്ങനെ ചെയ്യണം. അദ്ദേഹത്തിന്റെ പാർട്ടിയാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം– നോട്ടുനിരോധനം, ജിഎസ്ടി എന്നീ വിഷയങ്ങളിൽ നിരന്തരം കേന്ദ്രവുമായി ഇടയാറുള്ള മമത പറഞ്ഞു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെക്കുറിച്ചും മമത സംസാരിച്ചു.
‘വാജ്പേയി ബിജെപിക്കാരൻ തന്നെയായിരുന്നു. എന്നാൽ അദ്ദേഹം സന്തുലിതമായും പക്ഷപാതരഹിതവുമായാണു പ്രവർത്തിച്ചത്. അദ്ദേഹത്തിനു കീഴിൽ ഞങ്ങൾ യാതൊരു പ്രയാസവും നേരിട്ടിരുന്നില്ല. പക്ഷേ ഇന്നത്തെ അവസ്ഥ അങ്ങനെയാണോ? പ്രധാനമന്ത്രി മോദിയെ ഇക്കാര്യത്തിൽ കുറ്റം പറയുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടി എല്ലാവർക്കും കുഴപ്പങ്ങൾ ഉണ്ടാക്കുന്നത് എന്തുകൊണ്ടാണ്?– മമത ചോദിച്ചു.
മമതയുടെ അപ്രതീക്ഷിത നിലപാടുമാറ്റത്തിൽ പ്രതിപക്ഷം അമ്പരപ്പിലാണ്. രാജ്യത്തെ മോദി വിരുദ്ധ, ബിജെപി വിരുദ്ധ നീക്കങ്ങളുടെ പുതിയ മുഖമായി പ്രതിപക്ഷം കണ്ടിരുന്നത് മമതയെയാണ്. ടിവി അഭിമുഖത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ മമത രൂക്ഷമായി വിമർശിച്ചു. ‘എല്ലാവരും ഭയത്തിലാണ്. സ്വേച്ഛാധിപത്യം മുന്നേറുകയാണ്. ഒരു പാർട്ടി അധ്യക്ഷന് എങ്ങനെയാണ് കേന്ദ്രമന്ത്രിമാരുടെ യോഗം വിളിക്കാനാവുക? ആരാണ് പ്രധാനമന്ത്രി? മോദിയോ അമിത് ഷായോ?– മമത പൊട്ടിത്തെറിച്ചു. മമതയുടെ മനംമാറ്റം വരുംദിവസങ്ങളിൽ ദേശീയതലത്തിലെ പുതിയ സാധ്യതകളാകുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.