ഭുവനേശ്വർ(53), ധോണി(45) തിളങ്ങി; രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കു മൂന്നു വിക്കറ്റ് ജയം

ഉപുൽ തരംഗ പുറത്തായപ്പോൾ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം

പല്ലെക്കെലെ∙  പേരുകേട്ട ഇന്ത്യൻ ബാറ്റിങ്ങിനെ മുച്ചൂടും മുടിച്ച് ഓഫ്സ്പിന്നർ അഖില ധനഞ്ജയ കാൻ‍ഡിയിലെ പിച്ചിനെ തീ പിടിപ്പിച്ചപ്പോൾ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും (45) ഭുവനേശ്വർ കുമാറും (53) ഇന്ത്യയ്ക്കു രക്ഷകരായി. എട്ടാം വിക്കറ്റിൽ ഇരുവരുടെയും സെഞ്ചുറി കൂട്ടുകെട്ടിന്റെ ബലത്തിൽ  രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കു മൂന്നു വിക്കറ്റ് ജയം. സ്കോ‍ർ: ശ്രീലങ്ക– 50 ഓവറിൽ എട്ടിന് 236. ഇന്ത്യ– 44.2 ഓവറിൽ ഏഴിന് 231. മഴ മൂലം ഇന്ത്യയുടെ വിജയലക്ഷ്യം 47 ഓവറിൽ 231 റൺസായി ചുരുക്കിയിരുന്നു. ലങ്കയ്ക്കു വേണ്ടി ധനഞ്ജയ 10 ഓവറിൽ 54 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. ധനഞ്ജയയാണ് മാൻ ഓഫ് ദ് മാച്ച്. അഞ്ചു മൽസര പരമ്പരയിൽ ഇന്ത്യ ഇതോടെ 2–0നു മുന്നിലെത്തി. 

ഭുവനേശ്വർ കുമാർ മൽസരത്തിനു ശേഷം

ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമയും (54) ശിഖർ ധവാനും (49) സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയതിന് ശേഷമാണ് ധനഞ്ജയയുടെ മാജിക് ബോളിങിൽ ഇന്ത്യ തകർന്നത്. 15 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 109 എന്ന നിലയിലായിരുന്ന ഇന്ത്യ പിന്നീടുള്ള ആറ് ഓവറിൽ നഷ്ടപ്പെടുത്തിയത് ഏഴു വിക്കറ്റുകൾ! എന്നാൽ 22–ാം ഓവറിൽ ഒത്തു ചേർന്ന ധോണിയും ഭുവനേശ്വറും ഇന്ത്യയെ വിജയത്തിലെത്തിച്ചാണ് മടങ്ങിയത്. 80 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതമാണ് ഭുവനേശ്വറിന്റെ അർധ സെഞ്ചുറി. ധോണി 68 പന്തിലാണ് 45 റൺസെടുത്തത്. നേടിയത് ഒരു ഫോർ മാത്രം. 

തുടർച്ചയായ അഞ്ചാം മൽസരത്തിലും ടോസ് നേടിയ വിരാട് കോഹ്‌ലി ലങ്കയെ ബാറ്റിങിനു വിളിക്കുകയായിരുന്നു. നിരോഷൻ ഡിക്ക്‌വെല്ലയും (31), ധനുഷ്ക ഗുണതിലകെയും (19) തുടക്കത്തിൽ ആക്രമണ ബാറ്റിങാണ് കാഴ്ച വച്ചത്. എന്നാൽ ഡിക്ക്‌വെല്ലയെ ബുമ്ര ഷോർട്ട് മിഡ്‌വിക്കറ്റിൽ ധവാന്റെ കയ്യിലെത്തിച്ചതോടെ ലങ്കയുടെ തകർച്ച തുടങ്ങി. കുശാൽ മെൻഡിസിനെ (19) യുസ്‌വേന്ദ്ര ചാഹലിന്റെ പന്തിൽ  ധോണി സ്റ്റംപ് ചെയ്തു. ഏകദിനത്തിൽ ധോണിയുടെ 99–ാം സ്റ്റംപിങായിരുന്നു ഇത്. മുൻ ലങ്കൻ വിക്കറ്റ് കീപ്പർ തന്നെയായ കുമാർ സംഗക്കാരയുടെ റെക്കോർഡിനൊപ്പം. മുപ്പത് ഓവറായപ്പോഴേക്കും ലങ്ക അഞ്ചിന് 121 എന്ന നിലയിലായി. മിലിന്ദ സിരിവർധനെയും (58) ചമര കപുഗദെരയും (40) ചേർന്നെടുത്ത 91 റൺസ് കൂട്ടുകെട്ടാണ് പിന്നീട് ലങ്കയെ കരകയറ്റിയത്.

അഖില ധനഞ്ജയയുടെ ബോളിങ്.

ഇതിനു മുൻപ് കളിച്ച മൂന്ന് ഏകദിനങ്ങളിൽ അഖില ധനഞ്ജയ നേടിയത് അഞ്ചു വിക്കറ്റുകൾ. നാലാം ഏകദിനത്തിൽ വീഴ്ത്തിയത് ഇതിനെക്കാൾ കൂടുതൽ. ലങ്കയിലെ പാണദുരയിൽ ജനിച്ച ഈ ഇരുപത്തിമൂന്നുകാരന്റെ മുഴുവൻ പേരിങ്ങനെ: മഹാമറക്കാല കുരുകുലസൂര്യ പതബെൻഡിഗ അഖില ധനഞ്ജയ പെരേര!

∙ സ്കോർ ബോർഡ്

ശ്രീലങ്ക

ഡിക്ക്‌‍‌വെല്ല സി ധവാൻ ബി ബുമ്ര–31, ഗുണതിലകെ സ്റ്റംപ്ഡ് ധോണി ബി ചാഹൽ–19, മെൻഡിസ് എൽബി ബി ചാഹൽ–19, തരംഗ സി കോഹ്‌ലി ബി പാണ്ഡ്യ–ഒൻപത്, മാത്യൂസ് എൽബി പട്ടേൽ–20, സിരിവർധന സി രോഹിത് ബി ബുമ്ര–58, കപുഗദരെ ബി ബുമ്ര–40, ധനഞ്ജയ സി അക്ഷർ ബി ബുമ്ര–ഒൻപത്, ചമീര നോട്ടൗട്ട്–6, ഫെർണാണ്ടോ നോട്ടൗട്ട്–മൂന്ന്, എക്സ്ട്രാസ്–22, ആകെ 50 ഓവറിൽ എട്ടിന് 236. 

വിക്കറ്റ് വീഴ്ച: 1–41, 2–70, 3–81, 4–99, 5–121, 6–212, 7–221, 8–230. 

ബോളിങ്: ഭുവനേശ്വർ 10–0–53–0, ബുമ്ര 10–2–43–4, ചാഹൽ 10–1–43–2, പാണ്ഡ്യ 5.2–0–24–1, അക്ഷർ 10–0–30–1, കേദാർ ജാദവ് 4.4–0–32–0.

ഇന്ത്യ 

രോഹിത് എൽബി ബി ധനഞ്ജയ–54, ധവാൻ സി മാത്യൂസ് ബി സിരിവർധന–49, കെ.എൽ രാഹുൽ ബി ധനഞ്ജയ–നാല്, കേദാർ ജാദവ് ബി ധനഞ്ജയ–ഒന്ന്, വിരാട് കോഹ്‌ലി ബി ധനഞ്ജയ–നാല്, എം.എസ് ധോണി നോട്ടൗട്ട്–45, ഹാർദിക് പാണ്ഡ്യ സ്റ്റംപ്ഡ് ഡിക്ക്‌വെല്ല ബി ധനഞ്ജയ–പൂജ്യം, അക്ഷർ പട്ടേൽ എൽബി ബി ധനഞ്ജയ–ആറ്, ഭുവനേശ്വർ കുമാർ നോട്ടൗട്ട്–53, എക്സ്ട്രാസ്–15. ആകെ 44.2 ഓവറിൽ ഏഴിന് 231. 

വിക്കറ്റ് വീഴ്ച: 1–109, 2–113, 3–114, 4–118, 5–119, 6–121, 7–131

ബോളിങ്: മലിംഗ 8–0–49–0, ഫെർണാണ്ടോ 6.2–0–32–0, മാത്യൂസ് 3–0–11–0, ചമീര 7–0–45–0, ധനഞ്ജയ 10–0–54–6, സിരിവർധന 10–0–39–1.