ആവേശത്തിന്റെ ഷട്ടിലടിക്കാൻ മനോരമ ലോക ബാഡ്മിന്റൻ ടൂർണമെന്റ് കൊച്ചിയിൽ

കൊച്ചി ∙ ഇന്ത്യക്കാരെ ആവേശത്തിലാറാടിച്ച ലോക ബാഡ്മിന്റൻ ചാംപ്യൻ‌ഷിപ്പിനുശേഷം ആവേശത്തിന്റെ ഷട്ടിലടിച്ച് മറ്റൊരു രാജ്യാന്തര ടൂർണമെന്റ് കേരളത്തിലേക്ക്. ഇടിവെട്ടു സ്മാഷുകളുമായി ലോകവേദിയിൽ മിന്നൽപിണരായ വമ്പന്‍ താരങ്ങളുടെ പോരാട്ടം നേരിൽ കാണാനുള്ള അപൂർവ അവസരമാണ് മലയാളികളെ തേടിയെത്തുന്നത്. മനോരമ ലോക സീനിയർ ബാഡ്മിന്റൻ‌ ചാംപ്യൻഷിപ്പിന് സെപ്റ്റംബർ 11ന് കൊച്ചി, കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിലുയരും.

12 കോർട്ടുകൾ, 665 താരങ്ങൾ, 850 മൽസരങ്ങൾ. ഇമ ചിമ്മാതെ കാണേണ്ട ത്രസിപ്പിക്കുന്ന ലോക പോരാട്ടങ്ങളുടെ എട്ടു നാളുകൾക്കായി കേരളത്തിനു കാത്തിരിക്കാം. പ്രായം പ്രതിഭ മായ്ക്കാത്ത മൽസര ഇനമാണ് ബാഡ്മിന്റൻ. ചൈനയുടെ സൂപ്പർ താരം ലിൻഡാനും മലേഷ്യയുടെ ഒളിംപിക് മെഡൽ ജേതാവ് ലീ ചോങ് വേയും 33 വയസ്സ് പിന്നിട്ടവരാണ്. ഇന്ത്യയുടെ പുല്ലേല ഗോപിചന്ദ് ലോകനേട്ടങ്ങൾ വെട്ടിപ്പിടിച്ചതും മുപ്പതു കടന്നതിനുശേഷമാണ്. അതുകൊണ്ടു തന്നെ 35 കടന്നവരുടെ പോരാട്ടങ്ങൾക്കു മാറ്റൊട്ടും കുറയില്ലെന്നു വ്യക്തം. ലോക ചാംപ്യ‍ൻഷിപ്പുകളിലും സൂപ്പർ സീരിസ് മൽസരങ്ങളിലും മുൻപ് റാക്കറ്റുകൊണ്ട് അദ്ഭുതം കാട്ടിയവരാണ് ഇത്തവണ സീനിയർ കുപ്പായമണിഞ്ഞ് കൊച്ചിയിലേക്കെത്തുക.

വിവിധ യോഗ്യതാ മൽസരങ്ങൾ ജയിച്ചുകയറി പിന്നിട്ട് ചാംപ്യൻഷിപ്പിന് അർഹത നേടിയവരാണിവർ. എട്ടു പ്രായവിഭാഗങ്ങളിലായാണ് മൽസരം. ലോക ബാഡ്മിന്റൻ ഫെഡറേഷൻ (ബിഡബ്ല്യുഎഫ്) നേരിട്ടു നടത്തുന്ന ഏഴു ലോക ചാംപ്യൻഷിപ്പുകളിലൊന്നാണ് സീനിയർ ചാംപ്യൻഷിപ്പ്. ഏഷ്യയിലേക്കെത്തിയത് ഇതുവരെ രണ്ടുതവണ മാത്രം. 2004ൽ ക്വാലലംപൂരും 2007ൽ ചൈനീസ് തായ്പെയും വേദിയായി. മൽസര ജേതാക്കൾക്ക് സ്വർണ, വെള്ളി, വെങ്കല മെഡലുകൾ നൽകുന്നതും ലോക ഫെഡറേഷനാണ്. ചാംപ്യൻഷിപ്പിന്റെ നടത്തിപ്പിനായി രാജ്യാന്തര തലത്തിലെ ടെക്നിക്കൽ ഒഫീഷ്യലുകളും കൊച്ചിയിലേക്കെത്തും.

ബാഡ്മിന്റൻ ഫെഡറേഷൻ ഓഫ് ഇന്ത്യ (ബായി) കേരള ബാഡ്മിന്റൻ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ചാംപ്യൻഷിപ്പ് നടത്തുക. ബാഡ്മിന്റനിനിലൂടെ ലോകത്തിന്റെ ഉയരങ്ങളിലേക്ക് പറക്കാൻ ചിറകുവിരിക്കുന്ന കേരളത്തെയാണു ചാംപ്യൻഷിപ്പ് ലോഗോയിൽ അവതരിപ്പിക്കുന്നത്. കേരളത്തിന്റെ ഹരിതഭംഗിയെ സൂചിപ്പിക്കുന്ന പച്ച, കായലുകളെ പ്രതിനിധീകരിക്കുന്ന നീല നിറങ്ങളും ലോഗോയുടെ ഭാഗമാണ്. ഷട്ടിലിലേറി ഉയരങ്ങളിലേക്കു പറക്കാനൊരുങ്ങുന്ന കേരളത്തിന്റെ സ്വപ്നങ്ങളെ ഒരു പക്ഷിയായി ലോഗോയിൽ അവതരിപ്പിക്കുന്നു. ലോക ചാംപ്യൻഷിപ്പ് സ്പോൺസർഷിപ്പിൽ പങ്കാളികളാകാനും മൽസര വേദിക്കരികെ എക്സിബിഷൻ സ്റ്റാളുകളൊരുക്കാനും അവസരമുണ്ട്. താൽപര്യമുള്ളവർ 0481 6452029 എന്ന നമ്പറിൽ ബന്ധപ്പെടുക (രാവിലെ 9.30 മുതൽ വൈകിട്ട് ആറുവരെ). ഇ മെയിൽ: manoramaevents@mm.co.in