വാഷിങ്ടന്‍∙ ബഹിരാകാശ ഗവേഷകർ കാത്തിരുന്ന വിസ്മയ കാഴ്ചയുമായി വമ്പൻ ഛിന്നഗ്രഹം ‘ഫ്ലോറൻസ്’ ഭൂമിക്കരികിലൂടെ കടന്നുപോയി. ഭൂമിയിൽനിന്ന് 4.4 മില്യൺ മൈൽ (ഏഴു മില്യൺ കിലോമീറ്റർ) അകലെക്കൂടെയാണ് ഫ്ലോറൻസ് കടന്നുപോയതെന്ന് യുഎസ് ബഹിരാകാശ നിരീക്ഷണ കേന്ദ്രമായ നാസ അറിയിച്ചു. 2.7 മൈൽ (4.4 കിലോമീറ്റർ) ആണ് ഫ്ലോറൻസിന്റെ വ്യാസം. വരും നൂറ്റാണ്ടുകളിലും ഫ്ലോറൻസ് ഭൂമിക്കു ഭീഷണിയാകില്ലെന്നാണു വിലയിരുത്തൽ. അതേസമയം, ഭൂമിക്കരികിലൂടെ കടന്നുപോയ മറ്റു ഛിന്നഗ്രഹങ്ങൾ ഇതിലും ചെറുതായിരുന്നുവെന്നും വ്യക്തമായി.
ഛിന്നഗ്രഹങ്ങളുടെ നിരീക്ഷണത്തിനു നാസ തുടക്കമിട്ടശേഷം എത്തുന്ന ഏറ്റവും വലുതാണ് ഫ്ലോറൻസ്. 1981ലാണ് ഫോറൻസ് കണ്ടെത്തിയത്. കലിഫോർണിയ, പോർട്ടറീക്കോ കേന്ദ്രങ്ങളിലെ ഗോൾഡ് സ്റ്റോൺ സോളർ സിസ്റ്റം റഡാർ ഉപയോഗിച്ചാണു ഗവേഷകർ ഫ്ലോറൻസിനെ പിന്തുടർന്നു. ഈ മാസം അഞ്ചു വരെ ദൃശ്യമാകും. ഫ്ലോറൻസ് ഇനി ഇത്രയും സമീപമെത്താൻ 480 വർഷം കഴിയണം.
ഛിന്നഗ്രഹം
ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥങ്ങൾക്കിടയിൽ സൂര്യനെ ചുറ്റുന്ന ആകാശവസ്തുക്കൾ. ക്ഷുദ്രഗ്രഹങ്ങൾ, അൽപഗ്രഹങ്ങൾ, ആസ്റ്ററോയ്ഡ് എന്നിങ്ങനെ അറിയപ്പെടുന്നു.