Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹിരാകാശ നിലയത്തിലെ സുഷിരം: മാധ്യമങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചെന്ന് നാസ

space-station-leak-hole രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കണ്ടെത്തിയ സുഷിരം.

വാഷിങ്ടൻ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിലുണ്ടായ സുഷിരത്തെ കുറിച്ചു വിശദീകരണവുമായി നാസാ. ഇത് മനുഷ്യനിർമിതമാണെന്ന റഷ്യന്‍ ബഹിരാകാശ ഏജന്‍സി മേധാവി ദിമിത്രി റോഗോസിന്റെ പ്രസ്താവന മാധ്യമങ്ങൾ തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചതെന്ന് നാസ വക്താവ് മേഗൻ പവേഴ്സ് അറിയിച്ചു. മനുഷ്യനിർമിതം എന്നതിന് മനഃപൂർവമോ ദുരുദ്ദേശപരമായോ ഉണ്ടാക്കിയതെന്ന അർത്ഥമില്ല. റഷ്യൻ ഭാഷയിലുള്ള അദ്ദേഹത്തിന്റെ പരാമർശം തെറ്റായ രീതിയാലാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ തർജ്ജമ ചെയ്തത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്. ഭാവി പ്രവർത്തനങ്ങളെ ഇത് ഒരു രീതിയിലും ബാധിക്കില്ലായെന്നും അവർ പറഞ്ഞു.

ഓഗസ്റ്റ് 29ന് ബഹിരാകാശ നിലയത്തിലെ മര്‍ദ്ദത്തില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് സുഷിരം കണ്ടെത്തിയത്. റഷ്യൻ നിയന്ത്രിത ഭാഗത്ത് രണ്ടു മില്ലീമീറ്റർ വരുന്ന സുഷിരമാണ് കണ്ടെത്തിയത്. ബഹിരാകാശത്ത് പറന്നു നടക്കുന്ന ചെറുവസ്തുക്കളാണ് ഇതിന് കാരണമായതെന്നാണ് ആദ്യഘട്ടത്തില്‍ കരുതിയത്.പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പിഴവ് മനുഷ്യനിർമിതമാണെന്ന നിഗമനത്തിലെത്തിയത്. എന്നാൽ ശരിയായ കാരണം ഇപ്പോഴും വ്യക്തമല്ല.

നാസയ്ക്കൊപ്പം സംഭവത്തിൽ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസും അന്വേഷണം പ്രഖ്യാപിച്ചു. സുഷിരമുണ്ടാകാനുള്ള കാരണം എന്തു തന്നെയായാലും കണ്ടെത്തുമെന്ന് മേഗൻ പറഞ്ഞു. ഒക്ടോബർ 10ന് കസഖ്സ്ഥാനിൽ നാസ–റോസ്കോസ്മോസ് തലവന്മാരുടെ കൂടിക്കാഴ്ച നടക്കും. റഷ്യയുടെ സോയൂസ് എംഎസ്–10 ബഹിരാകാശ പേടകത്തിൽ കസഖ്സ്ഥാനിലെ ബൈക്കനൂരിൽ നിന്ന് രണ്ടു ബഹിരാകാശ ഗവേഷകർ കൂടി അന്ന് പുറപ്പെടുന്നതിന്റെ ഭാഗമായാകും ഈ കൂടിക്കാഴ്ച.
 

related stories