ലണ്ടൻ∙ വീണ്ടുവിചാരമില്ലാതെയും മര്യാദകൾ ലംഘിച്ചും ആണവായുധപരീക്ഷണം നടത്തിയ ഉത്തരകൊറിയയെ സമ്മർദത്തിലാക്കണമെന്നു ലോകനേതാക്കളോടു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. രാജ്യാന്തര സമൂഹത്തിനു നേരെയുള്ള ഈ വെല്ലുവിളി ഒരുവിധത്തിലും അംഗീകരിക്കാനാകില്ലെന്നും കിങ് ജോങ് ഉന്നിനെതിരായ നടപടികൾ അനിവാര്യമാക്കാൻ പ്രേരിപ്പിക്കുന്നതാണ് ഇത്തരം പ്രകോപനമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി മുന്നറിയിപ്പു നൽകി. ഉഗ്ര പ്രഹരശേഷിയുള്ള ഹൈഡ്രജൻ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തര കൊറിയ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിലാണു ശക്തമായ ഭാഷയിൽ ഇതിനെ വിമർശിച്ചു പ്രധാനമന്ത്രി രംഗത്തെത്തിയത്.
വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണും ഉത്തരകൊറിയൻ നടപടി പുതിയ ഭീഷണിയാണെന്ന് ആവർത്തിച്ചു. ഉത്തരകൊറിയ ഉയർത്തുന്ന ഭീഷണിയെക്കുറിച്ചു കഴിഞ്ഞ ദിവസങ്ങളിലെ സന്ദർശനവേളയിൽ ജപ്പാൻ പ്രധാനമന്ത്രിയുമായി സംസാരിച്ചതായി തെരേസ മേ പറഞ്ഞു. കൊറിയൻ നടപടിയ്ക്കെതിരെ യുഎസ് ശക്തമായി പ്രതികരിച്ചതിനു തൊട്ടുപിന്നാലെയാണു ബ്രിട്ടിഷ് പ്രധാനമന്ത്രിയും അതിരൂക്ഷമായ ഭാഷയിൽ വിമർശനവുമായി രംഗത്തെത്തിയത്.