മക്കാവു ∙ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എ മൽസരത്തിൽ മക്കാവുവിനെതിരെ ഇന്ത്യയ്ക്ക് ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ മക്കാവുവിനെ തകർത്തുവിട്ടത്. ബൽവന്ത് സിങ്ങിന്റെ ഇരട്ടഗോളുകളാണ് (57, 82) ഇന്ത്യയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യതാ പ്രതീക്ഷ സജീവമാക്കി. നേരത്തെ യോഗ്യതാ മത്സരത്തിൽ മ്യാൻമറിനെയും കിർഗിസ്ഥാനെയും 1–0 എന്ന സ്കോറിൽ ഇന്ത്യ തോൽപ്പിച്ചിരുന്നു. അതേസമയം, മക്കാവുവിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.
ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയുടെ രണ്ടു ഗോളുകളും പിറന്നത്. പകരക്കാരനായി രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയാണ് ബൽവന്ത് സിങ് ഇരട്ടഗോൾ നേടിയത്. നാരായൺ ദാസിന്റെ ഇടതുവിങ്ങിൽനിന്നുള്ള ക്രോസിന് തലവച്ച് ടീമിന് ലീഡു സമ്മാനിച്ച ബൽവന്ത്, മക്കാവു പ്രതിരോധ താരത്തിന്റെ പിഴവു മുതലെടുത്താണ് രണ്ടാം ഗോൾ സ്വന്തമാക്കിയത്.
ഇന്ത്യൻ ടീമിന്റെ തുടർച്ചയായ പത്താം ജയമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2016 ജൂണിൽ ലാവോസിനെ എതിരില്ലാത്ത ഒരു ഗോളിനു തോൽപിച്ചാണ് ഇന്ത്യ ജൈത്രയാത്ര തുടങ്ങിയത്. മക്കാവുവിനെതിരെ നേടിയ ജയം പത്താമത്തേതാണ്. രാജ്യാന്തരതലത്തിൽ തുടർച്ചയായ ഒൻപതാം വിജയമാണിത്. 2016 ഓഗസ്റ്റിൽ ഭൂട്ടാനെതിരെയുള്ള സൗഹൃദ മൽസരത്തിലെ വിജയം കൂടി കണക്കിലെടുക്കുമ്പോഴാണു വിജയം പത്താകുന്നത്. 1962 –64 കാലഘട്ടത്തിൽ തുടർച്ചയായി ഏഴു രാജ്യാന്തര മൽസരങ്ങൾ വിജയിച്ചതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
ഇപ്പോഴത്തെ ഫിഫ റാങ്കിങ് പ്രകാരം 97–ാം സ്ഥാനത്താണ് ഇന്ത്യ. 1996 ഫെബ്രുവരിയിൽ 94–ാം സ്ഥാനത്തെത്തിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. 2015ൽ 173–ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ഇന്ത്യയുടെ ഇനിയുള്ള ഏഷ്യൻ കപ്പ് യോഗ്യതാ മൽസരങ്ങൾ
∙ 2017 ഒക്ടോബർ അഞ്ച്: ഇന്ത്യ – മക്കാവു
∙ 2017 നവംബർ 14: ഇന്ത്യ – മ്യാൻമർ
∙ 2018 മാർച്ച് 14: ഇന്ത്യ – കിർഗിസ്ഥാൻ