ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മൽസരത്തിൽ ഇന്ത്യയ്ക്കു ഏഴു വിക്കറ്റ് ജയം

ഹാഫ് സെഞ്ചുറി തികച്ച വിരാട് കോഹ്‌ലിയുടെ ആഹ്ലാദം.

കൊളംബോ ∙ കോഹ്‌ലിയുടെ ബാറ്റ് ഇത്തവണയും ലങ്കയെ വെറുതെവിട്ടില്ല. 82 റൺസ് നേടിയ നായകൻ വിരാട് കോഹ്‍ലിയുടെയും അർധ സെഞ്ചുറി തികച്ച മനീഷ് പാണ്ഡയുടെയും (51 നോട്ടൗട്ട്) മികവിൽ‌ ശ്രീലങ്കയ്ക്കെതിരായ ഏക ട്വന്റി20 മൽസരവും ഇന്ത്യ നേടി. ശ്രീലങ്കയുടെ 170 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ അനായാസ വിജയം. സ്കോർ ശ്രീലങ്ക 20 ഓവറിൽ ഏഴിന് 170. ഇന്ത്യ 19.2 ഓവറിൽ മൂന്നു വിക്കറ്റിന് 174. നേരത്തെ മൂന്നു വിക്കറ്റു വീഴ്ത്തിയ യുസവേന്ദ്ര ചഹാലാണ് ലങ്കൻ മധ്യനിരയെ തകർത്തത്. ടെസ്റ്റ്, ഏകദിന, ട്വന്റി 20 മൽസരങ്ങളിൽ സമ്പൂർണ വിജയമെന്ന അപൂർവനേട്ടവും സ്വന്തമാക്കിയാണു ടീം ഇന്ത്യ ലങ്ക വിടുന്നത്.

ഏകദിന പരമ്പരയിലെ ഉജ്വലപ്രകടനത്തിന്റെ പ്രഭ കെടാതെ നിൽക്കുന്ന ഇന്ത്യൻ ബാറ്റിങ് നിരയ്ക്കു മുൻപിൽ ശ്രീലങ്ക ഉയർത്തിയ വിജയലക്ഷ്യം വളരെ ചെറുതായിരുന്നു. ഒൻപതു റൺസെടുത്ത ഓപ്പണർ രോഹിത് ശർമ പുറത്തായതിനു പിന്നാലെ ക്രീസിലൊന്നിച്ച കോഹ്‌ലി–കെ.എൽ രാഹുൽ സഖ്യം ഇന്ത്യയ്ക്കു മികച്ച അടിത്തറ നൽകി. നീണ്ട കാത്തിരിപ്പിനൊടുവിൽ ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ രാഹുൽ‌ മൂന്നു ബൗണ്ടറികളടക്കം 24 റൺസ് നേടി. രാഹുൽ പുറത്തായതിനുശേഷമെത്തിയ മനീഷ് പാണ്ഡെ കോഹ്‍ലിക്കൊപ്പംനിന്നു ലങ്കയെ മുടങ്ങാതെ പ്രഹരിച്ചു. കോഹ്‍ലി പുറത്താകുമ്പോൾ വിജയത്തിനു പത്തുറൺസ് മാത്രം അകലെയായിരുന്നു ഇന്ത്യ.

നേരത്തെ ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. മഴമൂലം 55 മിനിറ്റ് വൈകിയാണു മൽസരം തുടങ്ങിയത്.
ട്വന്റി20യിലെ കന്നി അർധ സെഞ്ചുറി നേടിയ ദിൽഷൻ മുനവീരയും അരങ്ങേറ്റമൽസരം ആഘോഷമാക്കിയ അഷൽ പ്രിയഞ്ജനുമാണ് (40 നോട്ടൗട്ട്) ലങ്കയെ മികച്ച സ്കോറിലെത്തിച്ചത്. 29 പന്തുകളിൽ നാലു സിക്സറുകളും അഞ്ചു ബൗണ്ടറികളും പറത്തിയ മുനവീര ലങ്കൻ ഗാലറിയെ ആവേശത്തിലാഴ്ത്തി. ഓപ്പണർ ധിക്‌വെല്ലയും അടിച്ചുകളിച്ചതോടെ (17) ആദ്യ ആറോവറിനുള്ളിൽ ലങ്കൻ സ്കോർ അൻപതു കടന്നു. ഭുവനേശ്വറിനെയും ബുമ്രയെയും ബാറ്റ്സ്മാൻമാർ കടന്നാക്രമിച്ചതോടെ പവർപ്ലെ അവസാനിക്കുന്നതിനു മുൻപേ കോഹ്‍ലി യുസവേന്ദ്ര ചഹാലിനെ പന്തേൽപിച്ചു. ഓപ്പണർമാർ നൽകിയ മികച്ച തുടക്കം മുതലാക്കാൻ ലങ്കൻ മധ്യനിരയ്ക്കായില്ല.

എയ്ഞ്ചലോ മാത്യൂസിനെയും തിസാര പേരേരെയും വീഴ്ത്തി ചഹാലാണു ലങ്കൻ മധ്യനിരയ്ക്കു കനത്ത പ്രഹരമേൽപിച്ചത്. 150 റൺസിനു താഴെ ലങ്ക ഒതുങ്ങുമെന്ന കണക്കുകൂട്ടലിനിടെ ഇസുരു ഉദന (19 നോട്ടൗട്ട്) വാലറ്റത്ത് തകർത്തടിച്ച് ഇന്ത്യയെ ഞെട്ടിച്ചു. എട്ടാം വിക്കറ്റിൽ അവസാന ഇരുപതു പന്തുകളിൽ ലങ്ക 36 റൺസാണു നേടിയത്.