കൊളംബോ∙ ഞായറാഴ്ച നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിലെ വിജയം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകർക്കൊപ്പമാണ് ശ്രീലങ്കൻ ആരാധകരും ആഘോഷിച്ചത്. ഫൈനലിനു മുൻപു നടന്ന ശ്രീലങ്ക– ബംഗ്ലദേശ് മൽസരങ്ങളിലെ കോലാഹലങ്ങളുടെ മറുപടിയായിരുന്നു അത്. തർക്കങ്ങൾക്കൊടുവില്‍ ബംഗ്ലദേശ് കളി ഉപേക്ഷിക്കാൻ ആലോചിക്കുന്നയിടം വരെയെത്തിയിരുന്നു ആ മൽസരം. വിജയാവേശത്തിൽ ബംഗ്ലദേശ് താരങ്ങൾ നടത്തിയ 'നാഗ' ഡാൻസും ശ്രീലങ്കൻ ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചു.
അതുകൊണ്ടു തന്നെ ബംഗ്ലദേശിന്റെ പത്തി ഇന്ത്യൻ താരങ്ങൾ അടിച്ചുതകർക്കുന്നതു കാണാനായി ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികളാണു സ്റ്റേഡിയത്തിലെത്തിയത്. ഏറെയും ശ്രീലങ്കൻ ടീമിന്റെ കട്ട ആരാധകർ. മൽസരം അവസാന ഓവർ വരെ നീണ്ടപ്പോൾ അവരും ആശങ്കയിലായി. ഒടുവിൽ ദിനേഷ് കാർത്തിക്കിന്റെ സിക്സർ ഇന്ത്യയ്ക്കു കിരീടം നേടിക്കൊടുത്തപ്പോൾ അവരുടെയും ആവേശം അണപൊട്ടി.
അതായിരുന്നു ഇന്നലെ കൊളംബോയിലെ സ്റ്റേഡിയത്തിൽ കണ്ടത്. ബംഗ്ലദേശിനെതിരായ ജയം ഇന്ത്യയും ശ്രീലങ്കയും ഒരുമിച്ച് ആഘോഷിച്ചു. ശരീരം മുഴുവൻ ചായം പൂശിയെത്തിയ ഇന്ത്യൻ ആരാധകൻ സുധീര്‍ ഗൗതമിനെ ഇന്ത്യൻ പതാകയോടൊപ്പം പൊക്കിയെടുത്തു ശ്രീലങ്കയുടെ ആരാധകൻ ഗ്രൗണ്ടിൽ ആഘോഷം നടത്തി.
എന്നാൽ ഫൈനലിൽ ഇന്ത്യയ്ക്കു ലഭിച്ച പിന്തുണയ്ക്കു രോഹിത് ശർമ ശ്രീലങ്കയ്ക്കു നൽകിയ മറുപടിയായിരുന്നു എല്ലാവരെയും ആകർഷിച്ചത്. ഇന്ത്യൻ ടീം വിജയാഘോഷത്തില്‍ ഗ്രൗണ്ടില്‍ വലം വയ്ക്കുമ്പോൾ രോഹിത് ശർമ നന്ദി സൂചകമായി ശ്രീലങ്കന്‍ പതാക കയ്യിലുയർത്തി. പിന്നീട് ഇന്ത്യയുടെ ആഘോഷത്തിൽ ശ്രീലങ്കൻ പതാകയും ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടിൽ ഉയർന്നുപാറി. ശ്രീലങ്കയുടെ ആയിരക്കണക്കിനു ക്രിക്കറ്റ് ആരാധകര്‍ക്ക് ഇതിൽപരം വേറെന്തു വേണം. അവരും ആർത്തു വിളിച്ചു ഇന്ത്യാ... ഇന്ത്യാ...