Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിക്കാന്‍ വന്ന ഇന്ത്യയെ പിടിച്ചു കെട്ടിയ ‘സിൽവ’കൾ

danajaya-roshen ഇന്ത്യക്കെതിരായ മത്സരത്തിനിടെ ധനഞ്ജയ ഡിസിൽവയും റോഷൻ സിൽവയും

മൂന്നാം ടെസ്റ്റിലെ വിജയം കൈപ്പിടിയിലൊതുക്കി, ഒൻപത് പരമ്പര വിജയങ്ങളെന്ന നേട്ടം മനോഹരമാക്കാമെന്ന ചിന്തയിലായിരുന്നിരിക്കണം ഇന്ത്യന്‍ നായകൻ വിരാട് കോഹ്‍ലിയും ടീമും കളിക്കാനിറങ്ങിയത്. ആദ്യ ഇന്നിങ്സിൽ 536 റൺസ് നേടിയ ഇന്ത്യ ശ്രീലങ്കയെ എറിഞ്ഞിടുക കൂടി ചെയ്തതോടെ വിജയം കൈപ്പിടിയിൽ വരുമെന്ന് ആരാധകരും പ്രതീക്ഷിച്ചു. എന്നാൽ കളിയുടെ നിർണായകമായ അഞ്ചാം ദിവസമാണ് എല്ലാം ഇന്ത്യയുടെ കൈവിട്ടു പോയത്. 35 റൺസെടുക്കുന്നതിനിടെ നാലുവിക്കറ്റു കളഞ്ഞു കുളിച്ച ശ്രീലങ്ക ഉച്ചയ്ക്ക് മുൻപേ തകർന്നടിയുമെന്നായിരുന്നു ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ.

എന്നാൽ അവസാന ദിവസം തുടക്കം മുതൽ പതുക്കെ ബാറ്റു വീശി സെഞ്ചുറി നേടിയ ധനഞ്ജയ ഡി സിൽവയും ആദ്യ ടെസ്റ്റ് കളിച്ച റോഷൻ സിൽവയുമാണ് ഇന്ത്യയുടെ വിജയ പ്രതീക്ഷകൾ 'സമനില'യാക്കിയത്. ന്യൂഡൽഹിയിലെ കാലാവസ്ഥയും ഇന്ത്യൻ ബൗളിങ് പ്രഹരവും താങ്ങാനാകാതെ മടങ്ങിയ ശ്രീലങ്കൻ താരങ്ങള്‍ക്കിടയിൽ കരുതലോടെ കളിച്ചു മുന്നേറിയ ധനഞ്ജയയുടെ പ്രകടനമാണ് സമനില നേടിയ ശ്രീലങ്കയുടെ അടിത്തറ. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ എയ്ഞ്ചലോ മാത്യൂസിന്റെയും ക്യാപ്റ്റൻ ദിനേഷ് ചണ്ഡിമലിന്റെയും പ്രകടനവും ഇതിൽ നിർണായകമായി.

Dhananjaya de Silva ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ ധനഞ്ജയ ഡിസിൽവ

പുറത്താകാതെ 219 പന്തിൽ നിന്ന് 119 റൺസാണ് ധനഞ്ജയ ഡി സിൽവ നേടിയത്. തുടർന്ന് പരുക്ക് മൂലം പുറത്തേക്ക് പോയ ധനഞ്ജയയ്ക്ക് പകരം നിർണായക ശക്തിയായി മാറിയത് ആദ്യ ടെസ്റ്റ് കളിക്കുന്ന റോഷൻ സിൽവ. 154 പന്ത് നേരിട്ട് റോഷൻ നേടിയത് 74 റൺസ്. നാഗ്പൂരിൽ നേരിട്ട നാണംകെട്ട തോൽവിയിൽ നിന്ന് കരകയറാൻ യുവതാരങ്ങളുടെ പ്രകടനത്തിലൂടെ നേടിയ സമനിലയിലൂടെ സാധിക്കുമെന്നാണു ശ്രീലങ്കൻ ടീമിന്റെ പ്രതീക്ഷ. 

ടെസ്റ്റ് ക്രിക്കറ്റിൽ വെറും 11 മത്സരങ്ങൾ മാത്രമാണ് ശ്രീലങ്കയ്ക്കായി ധനഞ്ജയ കളിച്ചിട്ടുള്ളത്. മൂന്ന് സെഞ്ചുറികളും രണ്ട് അർധ സെഞ്ചുറികളും ഈ വലംകയ്യൻ ബാറ്റ്സ്മാൻ ടെസ്റ്റിൽ സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണ ഇന്ത്യയ്ക്കെതിരെ നേടിയതിനു പുറമേ കഴിഞ്ഞ വർഷം ഓസ്ട്രേലിയയ്ക്കെതിരെയും സിംബാബ്‍വെയ്ക്കെതിരെയുമായിരുന്നു ധനഞ്ജയയുടെ രണ്ടു സെഞ്ചുറി പ്രകടനങ്ങൾ. 

Roshen Silva ഇന്ത്യക്കെതിരെ റോഷൻ സിൽവയുടെ ബാറ്റിങ്

വയസിന്റെ കാര്യത്തിൽ ധനഞ്ജയയെക്കാൾ സീനിയറാണ് റോഷൻ  സിൽവ. എന്നാൽ ടെസ്റ്റിൽ കളിക്കാനിറങ്ങുന്നത് ആദ്യമായും. 104 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച ശേഷമാണ് റോഷന് ശ്രീലങ്കൻ സീനിയർ ടീമിലേക്ക് വിളിവരുന്നത്. ഫസ്റ്റ്ക്ലാസിൽ ഇരട്ട സെഞ്ചുറി പ്രകടനവും 18 സെഞ്ചുറികളും നേടിയിട്ടും സീനിയര്‍ ടീമിലേക്ക് എന്തുകൊണ്ട് ഈ താരം എത്താൻ വൈകിയെന്നാണ് ക്രിക്കറ്റ് ആരാധകരുടെ ചോദ്യം. ഇന്ത്യയ്ക്കെതിരെ ന്യൂഡൽഹിയിൽ നടന്ന മത്സരത്തിന് ഇറങ്ങുമ്പോൾ 29 വയസാണ് ഈ കൊളംബോ സ്വദേശിയുടെ പ്രായം.

related stories