മലബാറിലെ ആയിരത്തിലധികം സ്വകാര്യ ദേവസ്വം ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ശുപാർശ

Representational Image

കോഴിക്കോട്∙ സാമൂതിരിയുടേതടക്കം മലബാറിലെ ആയിരത്തിലധികം സ്വകാര്യ ദേവസ്വം ക്ഷേത്രങ്ങള്‍ പൂര്‍ണമായും പിടിച്ചെടുക്കാന്‍ മലബാർ ദേവസ്വം കമ്മിഷന്റെ ശുപാർശ. നിർണായക ശുപാർശകളടങ്ങുന്ന റിപ്പോർട്ട് മൂന്നംഗ കമ്മീഷൻ സർക്കാരിനു സമർപ്പിക്കും. കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പാക്കാനാണു സർക്കാർ നീക്കം. ബോർഡിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണു സാമൂതിരി രാജകുടുംബം.

തിരുനാവായ നാവാമുകുന്ദന്‍ക്ഷേത്രം ഉൾപ്പെടെ സാമൂതിരി ദേവസ്വത്തിനുകീഴില്‍ അറുപതോളം ക്ഷേത്രങ്ങൾ ഉണ്ട്. ഇതിനുപുറമേ ആയിരത്തോളം ക്ഷേത്രങ്ങൾ മറ്റു പാരമ്പര്യ ട്രസ്റ്റിമാരുടെ ഭരണത്തിലും. ഈ ക്ഷേത്രങ്ങളെല്ലാം മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലാണെങ്കിലും ഭരണം നടത്തുന്നതു സ്വകാര്യ ദേവസ്വങ്ങളാണ്. ഇത്തരം ക്ഷേത്രങ്ങളെയെല്ലാം പൂര്‍ണമായും മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിയന്ത്രണത്തിലാക്കാനാണു നീക്കം. നിലവില്‍ മലബാർ ദേവസ്വം ബോർഡ് ഇപ്പോഴും പ്രവർത്തിക്കുന്നതു പഴയ എച്ച്ആർ ആന്റ് സി ആക്ട് പ്രകാരമായതിനാല്‍ ക്ഷേത്രങ്ങളുടെ പൂർണ അധികാരം ട്രസ്റ്റിമാർക്കാണ്.

തിരുവിതാംകൂർ, കൊച്ചി ദേവസ്വങ്ങളുടെ രീതിയിലേക്കു പ്രവര്‍ത്തനം മാറ്റാനാണു നിര്‍ദേശം. നാമമാത്രമായ അധികാരമുള്ള ബോർഡിനു സ്വന്തമായി ചട്ടം രൂപീകരിക്കാൻ സർക്കാർ നിയോഗിച്ച അഡ്വ. ഗോപാലകൃഷ്ണൻ കമ്മിഷനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. എല്ലാ ക്ഷേത്രങ്ങളുടെയും പണമിടപാടുകള്‍ ഒറ്റ അക്കൗണ്ടിലേക്കു മാറ്റണം, എല്ലാ ക്ഷേത്രങ്ങളിലും തുല്യവേതനം നല്‍കണം, നിയമനങ്ങള്‍ ദേവസ്വം ബോര്‍ഡ് നേരിട്ടു നടത്തുക തുടങ്ങിയവയാണു പ്രധാന നിര്‍ദേശങ്ങള്‍.