തിരുവനന്തപുരം ∙ എരുമേലിക്കു സമീപം ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം സ്ഥാപിക്കുന്നതിനെക്കുറിച്ചു പഠിക്കാൻ ലൂയി ബ്ഗർ കൺസൾട്ടൻസിയെ ചുമതലപ്പെടുത്തുന്നതു സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുക്കും. ഇതു സംബന്ധിച്ച ഫയൽ ഗതാഗത വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കായി അയച്ചു.
പഠനം നടത്തുന്നതിന് കമ്പനി നാലു കോടിരൂപ പ്രതിഫലമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ഒൻപതു മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കി എല്ലാ അനുമതികളും നേടിയെടുക്കാനാണ് സർക്കാരിന്റെ ശ്രമം.
ചെറുവള്ളിയിലെ നിർദിഷ്ട വിമാനത്താവളത്തിന്റെ സാങ്കേതിക–സാമ്പത്തിക സാധ്യതാ പഠന റിപ്പോർട്ടും പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും സാമൂഹികാഘാത റിപ്പോർട്ടും തയാറാക്കാനാണു ലൂയി ബ്ഗർ കമ്പനിയെ കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ ടെൻഡറിലൂടെ തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതി സംബന്ധിച്ച് വ്യവസായ വികസന കോർപറേഷൻ നേരത്തെ പഠനം നടത്തിയിരുന്നു. ഇതിനുശേഷമാണു പഠനം നടത്താൻ കൺസൾട്ടൻസിയെ തേടി ടെൻഡർ വിളിച്ചതും ലൂയി ബ്ഗറിനെ തിരഞ്ഞെടുത്തതും.
നിലവിൽ ബിലീവേഴ്സ് ചർച്ചിന്റെ കൈവശമാണു ചെറുവള്ളി എസ്റ്റേറ്റ്. ഹാരിസൺ മലയാളം പ്ലാന്റേഷനിൽനിന്ന് ബിലീവേഴ്സ് ചർച്ച് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ചെറുവള്ളിയിൽ വിമാനത്താവളം നിർമിക്കാമെന്ന റവന്യൂ അഡീ. ചീഫ് െസക്രട്ടറി പി.എച്ച്. കുര്യന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സമിതിയുടെ ശുപാർശ ജൂലൈ19നാണ് മന്ത്രിസഭ അംഗീകരിച്ചത്.
ശബരിമല തീർഥാടകർക്കായി വിമാനത്താവളം നിർമിക്കാൻ ഫെബ്രുവരിയിലാണ് മന്ത്രിസഭ അനുമതി നൽകിയത്. ആറൻമുളയിൽ നേരത്തെ വിമാനത്താവളം നിർമിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും എതിർപ്പിനെത്തുടർന്നു ഉപേക്ഷിക്കുകയായിരുന്നു. ലാഹ, കുമ്പള എസ്റ്റേറ്റുകളും പരിഗണിച്ചെങ്കിലും കൂടുതൽ സൗകര്യം ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണു ചെറുവള്ളി എസ്റ്റേറ്റ് തിരഞ്ഞെടുത്തത്.
ചെറുവള്ളി എസ്റ്റേറ്റിൽനിന്ന് ശബരിമലയ്ക്കുള്ള ദൂരം 48 കിലോമീറ്ററാണ്. കൊച്ചിയിലേക്കു 113 കിലോമീറ്റർ. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രവാസികൾക്കും വിമാനത്താവളം ഏറെ പ്രയോജനപ്പെടുമെന്നാണു വിലയിരുത്തൽ. രണ്ടു ജില്ലകളിലായി 2.27 ലക്ഷം പ്രവാസികളുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്.