തിരുവനന്തപുരം∙ വിമാനത്താവളത്തിനായി നിർദേശിച്ചിട്ടുളള ചെറുവള്ളി എസ്റ്റേറ്റിലെ നൂറ് ഏക്കർ ഭൂമി േദവസ്വം ബോർഡിന്റേതാണെന്നും ഇതു തിരികെ കിട്ടണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ.
സർക്കാർ നിയോഗിച്ച രാജമാണിക്യം കമ്മിഷൻ 2226 ഏക്കർ ഭൂമിയാണ് ആകെ തിട്ടപ്പെടുത്തിയിട്ടുള്ളത്. ഇതിലാണു 100 ഏക്കർ സ്ഥലം ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണെന്നു പരാമർശമുള്ളത്. ഇതുൾപ്പെടെ ബോർഡിന്റെ ഏതാണ്ട് 2700 ഏക്കർ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്. ഭൂമി വീണ്ടെടുക്കണമെങ്കിൽ ദേവസ്വം ലാൻഡ് ട്രൈബ്യൂണൽ യാഥാർഥ്യമാകണം.
അച്ചൻകോവിലിൽ ഏതാണ്ട് 38 ഏക്കർ ഭൂമിയുണ്ടായിരുന്നു. ഇതിപ്പോൾ തമിഴ്നാട് സ്വദേശികളുടെ കൈവശമാണ്. ബോർഡിൽനിന്നു പാട്ടത്തിനു ലഭിച്ചുവെന്നാണു രേഖകളിലുള്ളത്. എരുമേലിയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കാൻ ദേവസ്വം ബോർഡ് നടപടി തുടങ്ങി.
കൃത്യസമയത്തു ചികിത്സ ലഭിക്കാത്തതിനാൽ ശബരിമല– കോട്ടയം മേഖലയിൽ തീർഥാടകരടക്കം 85 പേർ കഴിഞ്ഞ കാലയളവിൽ മരിച്ചുവെന്നാണു കണക്ക്. ഇതു കണക്കിലെടുത്താണു മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതെന്നും പ്രയാർ പറഞ്ഞു.