കൊച്ചി∙ ഹാരിസൺ കേസിൽ കക്ഷിചേരാൻ കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഹൈക്കോടതിയിൽ അപേക്ഷ നൽകി. ചെറുവള്ളി എസ്റ്റേറ്റിൽ പുതിയ വിമാനത്താവളം പണിയാനുള്ള തീരുമാനത്തിലും സഭയിൽ ഇതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി നൽകിയ മറുപടിയിലും എസ്റ്റേറ്റ് ഭൂമിയിൽ സർക്കാരിനുള്ള അവകാശം തീർത്തു പറയാത്തതു സംശയകരമാണെന്ന് അപേക്ഷയിൽ പറയുന്നു.
ഹാരിസൺ മലയാളം കമ്പനിയുടെ ഉൾപ്പെടെ സർക്കാർ ഭൂമിയിലെ കയ്യേറ്റം കണ്ടെത്താൻ സ്പെഷൽ ഓഫിസറായി എം.ജി. രാജമാണിക്യത്തെ നിയമിച്ചതും തുടർനടപടികളും ചോദ്യം ചെയ്താണു ഹാരിസണിന്റെ ഹർജി നിലവിലുള്ളത്. സ്പെഷൽ ഓഫിസർ സമർപ്പിച്ച റിപ്പോർട്ട് പൊതുതാൽപര്യാർഥം സർക്കാരിന് ഉപയോഗിക്കാൻ സാധ്യമാണെന്നിരിക്കെ, റിപ്പോർട്ടിനെതിരെ നിയമ സെക്രട്ടറി തന്നെ അഭിപ്രായം പറഞ്ഞതു സർക്കാരിന്റെ നിലപാടിൽ സംശയം ജനിപ്പിക്കുന്നതാണെന്നു സുധീരൻ ആരോപിക്കുന്നു.
വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുക എന്ന പേരിൽ ഹാരിസണും അതു കൈമാറി കിട്ടിയെന്നു പറയുന്ന ഗോസ്പൽ ഫോർ ഏഷ്യയും ഭൂമിയിൽ ഉന്നയിക്കുന്ന അവകാശവാദം അംഗീകരിക്കാനുള്ള ശ്രമമാണോ സർക്കാർ നടത്തുന്നതെന്നു സംശയമുണ്ട്. അർഹിക്കുന്ന ഗൗരവത്തിൽ സർക്കാർ കേസ് നടത്തുമോ എന്നു സംശയമുള്ളതിനാൽ കക്ഷിചേർക്കണമെന്നാണ് ആവശ്യം.