കോട്ടയം∙ വിമാനത്താവളത്തിനായി നഷ്ടപരിഹാരം നൽകി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ അനുവദിക്കില്ലെന്നു ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി. മുരളീധരൻ. ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണ്. അതിന് ആർക്കും നഷ്ടപരിഹാരം നൽകേണ്ടതില്ല. ഇതിനു വിപരീതമായി സർക്കാർ ഖജനാവിൽനിന്നു പണം നൽകാനാണു നീക്കമെങ്കിൽ അതിനെതിരേ ജനകീയ സമരം ആരംഭിക്കും.
വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥാപിക്കാനുള്ള നീക്കത്തിനു പിന്നിൽ കോടികൾ അടിച്ചുമാറ്റാനുള്ള ഗൂഢാലോചനയുമുണ്ട്. ശബരിമലയോടോ വിശ്വാസികളോടോ ഉള്ള താല്പര്യമല്ല, മറിച്ച് സർക്കാർ ഭൂമി സർക്കാർ തന്നെ ഏറ്റെടുത്തതായി കാണിച്ച് അതിന്റെ പേരിൽ കോടികൾ തട്ടാനുള്ള ആസൂത്രിതമായ നീക്കമാണ് ഇതിന്റെ പിന്നിൽ.
ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനു നൽകുമ്പോൾ സ്ഥലം ഏറ്റെടുക്കാനെന്ന മറവിൽ ഒരു ചില്ലിക്കാശ് പോലും സർക്കാർ ഖജനാവിൽനിന്ന് നൽകാൻ ബിജെപി സമ്മതിക്കില്ല. അങ്ങനെയുള്ള ഏതു നീക്കവും ജനകീയ സമരത്തിലൂടെ ബിജെപി ചെറുത്തുതോല്പിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.