Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുവള്ളി എസ്റ്റേറ്റ് കയ്യേറിയവരുമായി സർക്കാർ ഒത്തുകളിക്കുന്നു: ബിജെപി

v-muralidharan-6

തിരുവനന്തപുരം ∙ തോട്ടഭൂമി കയ്യേറിയവരെ കയ്യാമം വയ്ക്കേണ്ടതിനു പകരം അവരുമായി സർക്കാർ ഒത്തുകളിക്കുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ. ചെറുവള്ളിയിൽ സർക്കാർ ഭൂമിയിൽ നിർമിക്കാൻ പോകുന്ന വിമാനത്താവളത്തിന് നഷ്ടപരിഹാരം നൽകാൻ ശ്രമിച്ചാൽ ബിജെപി അതിനെ ശക്തിയുക്തം ചെറുത്തുതോൽപിക്കും.

സർക്കാർ നിയോഗിച്ച സ്പെഷൽ ഓഫിസർ രാജമാണിക്യം മുൻകൈ എടുത്ത് സർക്കാർ തന്നെ 2015 മാർച്ച് 28 ന് ഏറ്റെടുത്തതാണ് ചെറുവള്ളി എസ്റ്റേറ്റ് വരുന്ന 2264 ഏക്കർ സ്ഥലം. ഇതിനെ കോടതി ശരിവച്ചിട്ടേയുള്ളൂ. ഹാരിസണിൽനിന്ന് ഏറ്റെടുത്ത 38,000 ഏക്കർ ഭൂമിയിൽ പെട്ടതാണ് ഇത്. ചില ലാൻ‌ഡ് ‌ട്രൈബ്യൂണൽ ഉത്തരവുകളുള്ളതിനാൽ ഹാരിസൺ കേസ് ഇപ്പോൾ ഡിവിഷൻ ബെഞ്ചിലാണ്.

ഈ സാഹചര്യത്തിൽ സർക്കാർ ഭൂമിക്ക് ആർക്കെങ്കിലും നഷ്ടപരിഹാരം നൽകിയാൽ അത് കൈയേറ്റക്കാർക്ക് അനുകൂലമാകും. ചെറുവള്ളി വിമാനത്താവള ഭൂമിയുടെ പേരിൽ സർക്കാർ ഖജനാവിൽനിന്ന് ഒരു ചില്ലിക്കാശുപോലും നൽകാൻ ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി മുന്നറിയിപ്പു നൽകുന്നതായും മുരളീധരൻ അറിയിച്ചു.