Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരും സിപിഎമ്മും മതമേധാവികളുടെ തടവിൽ: വി.മുരളീധരൻ

V Muraleedharan വി.മുരളീധരൻ

തിരുവനന്തപുരം ∙ കേരളം ഭരിക്കുന്ന ഇടതുമുന്നണി സർക്കാരും നേതൃത്വം നൽകുന്ന സിപിഎമ്മും സംഘടിത മതമേധാവികളുടെ തടങ്കലിലാണെന്നാണ്, സ്ത്രീപീഡന കേസിൽ നടപടിയുണ്ടാകാൻ കന്യാസ്ത്രീകൾ പോലും സമരരംഗത്തിറങ്ങേണ്ടി വന്ന അവസ്ഥ കാണിക്കുന്നതെന്നു വി.മുരളീധരൻ എംപി. ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപരാതി ലഭിച്ചശേഷം ഇതുവരെ ഫലപ്രദമായ അന്വേഷണം നടത്താനോ വഴിത്തിരിവുണ്ടാക്കാനോ പൊലീസിന് കഴിയാത്തതു സർക്കാരിന്റെ ഇടപെടലും സിപിഎമ്മിന്റെ നിയന്ത്രണവും കൊണ്ടാണ്. സംഘടിത മതമേധാവികളുടെ സ്വാധീനമാണ് ഇതിനു പിന്നിലെ കാരണമെന്നും മുരളീധരൻ ആരോപിച്ചു.

സംഘടിത മതമേധാവികളെ ഭയക്കുന്ന സർക്കാരിനും സിപിഎമ്മിനും അവരുടെ നിർദേശങ്ങളെ മറികടക്കാൻ കഴിയുന്നില്ല. ഇതാണു കന്യാസ്ത്രീകളെ പോലും സമരമുഖത്ത് എത്തിച്ചിരിക്കുന്നത്. പി.കെ.ശശി എംഎൽഎക്കെതിരായ പീഡനപരാതി പുറത്തു വന്നിട്ടും സ്വന്തം സഹപ്രവർത്തകയ്ക്കുണ്ടായ ദുര്യോഗത്തിൽ പ്രതികരിക്കാത്ത ഡിവൈഎഫ്.ഐയുടെ നിലപാട് എന്തെന്നറിയാൻ പൊതുജനത്തിനു താൽപര്യമുണ്ട്. പൊരുതുന്ന യുവജന പ്രസ്ഥാനമെന്നു അവകാശപ്പെടുന്ന ഡിവൈഎഫ്ഐക്കു സഹപ്രവർത്തകയെ സിപിഎം എംഎൽഎ പീഡിപ്പിച്ചതായ പരാതിയിൽ ഒരക്ഷരം മിണ്ടാൻ പോലും കഴിഞ്ഞിട്ടില്ല.

സ്വതന്ത്ര യുവജന സംഘടനയെന്നു പറയപ്പെടുന്ന ഡിവൈഎഫ്ഐ സിപിഎമ്മിന്റെ നിയന്ത്രണത്തിലല്ല എന്നാണ് അവകാശപ്പെടുന്നത്. പക്ഷേ, പി.കെ.ശശിക്കെതിരായ പീഡന പരാതിയിൽ നാവനക്കാൻ കഴിയാത്ത ഡിവൈഎഫ്ഐ, സിപിഎം പറയുന്നതിന് അപ്പുറത്തേക്ക് ഒരടി പോലും മുന്നോട്ടുവയ്ക്കാൻ കഴിയാത്ത അടിമകളാണെന്നു തെളിഞ്ഞിരിക്കുന്നു. പൊരുതുന്ന യുവജനപ്രസ്ഥാനത്തിനു സിപിഎമ്മിന്റെ അടിമപ്പണിയെടുക്കാൻ മാത്രമേ കഴിയൂ എന്നതിന്റെ ഉത്തമ ഉദാഹരണമായി പി.കെ.ശശിക്കെതിരായ പീഡന പരാതി മാറിയിരിക്കുകയാണെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

related stories