Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

cheruvally-estate

തിരുവനന്തപുരം∙ ശബരിമല തീർഥാടകരുടെ സൗകര്യാർഥമുള്ള നിർദ്ദിഷ്ട വിമാനത്താവളത്തിനു കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്റ്റേറ്റ് സർക്കാരിന്റേതാണെന്നു സെറ്റിൽമെന്റ് റജിസ്റ്ററിലുണ്ട്. എന്നാൽ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടില്ലെന്നും നിയമസഭയിലെ ചോദ്യോത്തരവേളയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മുഖ്യമന്ത്രി അറിയിച്ചു.

ഹാരിസൺ മലയാളം പ്ലാന്റേഷൻസിൽനിന്നു ഡോ.കെ.പി. യോഹന്നാൻ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ചർച്ച് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു ഹൈക്കോടതിയിൽ കേസ് നിലനിൽക്കെയാണു ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തു വിമാനത്താവളം നിർമിക്കാമെന്നു റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അധ്യക്ഷനായ നാലംഗ ഉദ്യോഗസ്ഥ സമിതി സർക്കാരിനു ശുപാർശ നൽകിയത്. ഇതു മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ചെറുവള്ളി എസ്റ്റേറ്റിൽ 2,263 ഏക്കർ ഭൂമിയാണുള്ളത്.

ശബരിമല തീർഥാടകർക്കായി ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാൻ ഫെബ്രുവരിയിലാണു മന്ത്രിസഭ അനുമതി നൽകിയത്. പഠനത്തിനു കെഎസ്ഐഡിസിയെ ചുമതലപ്പെടുത്തിയിരുന്നു. ആറന്മുളയിൽ നേരത്തേ വിമാനത്താവള നിർമാണം തുടങ്ങിയിരുന്നെങ്കിലും എതിർപ്പുമൂലം ഉപേക്ഷിച്ചു. ഇതോടെയാണു മറ്റു സ്ഥലങ്ങൾ പരിഗണിച്ചത്. ളാഹ, കുമ്പഴ എസ്റ്റേറ്റുകളും പരിഗണിച്ചെങ്കിലും കൂടുതൽ സൗകര്യപ്രദമെന്ന നിലയിലാണു ചെറുവള്ളി എസ്റ്റേറ്റ് തിരഞ്ഞെടുത്തത്. രണ്ടു ദേശീയ പാതകളുടെയും അഞ്ചു മരാമത്ത് റോഡുകളുടെയും സാമീപ്യം ചെറുവള്ളി എസ്റ്റേറ്റിനുണ്ട്. ഇവിടെനിന്നു ശബരിമലയ്ക്കു 48 കിലോമീറ്റർ. കൊച്ചിയിലേക്കു 113 കിലോമീറ്റർ. ഭൂമി കണ്ടെത്തിയാൽ വിമാനത്താവളത്തിന് അനുമതി നൽകാമെന്നു കേന്ദ്ര സർക്കാർ നേരത്തേ അറിയിച്ചിട്ടുണ്ട്.

ഹാരിസൺ മലയാളം പ്ലാന്റേഷൻസിന്റെ കൈവശമുണ്ടായിരുന്ന എസ്റ്റേറ്റ് ‌ബിലീവേഴ്‌സ് ചർച്ചിനു കൈമാറിയതു നിയമവിരുദ്ധമാണെന്നാണു സർക്കാരിന്റെ നിലപാട്. ഹാരിസണിന്റെ കൈവശമുണ്ടായിരുന്നതു സർക്കാർ ഭൂമിയാണെന്ന നിലപാടിനെത്തുടർന്ന് അത് ഏറ്റെടുക്കാൻ 2015 മേയ് 28നു തീരുമാനിച്ചിരുന്നു. ഭൂമി ഒഴിയണമെന്ന് ആവശ്യപ്പെട്ടു സർക്കാർ നോട്ടിസും നൽകി. ഇതിനെതിരെ ഡോ.കെ.പി. യോഹന്നാൻ മെത്രാപ്പൊലീത്ത അടക്കമുള്ളവർ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയിലെ നിയമനടപടി പൂർത്തിയായാലേ ഭൂമി ഏറ്റെടുത്തു നിർമാണം ആരംഭിക്കാനാകൂ.

ശബരിമലയിലേക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കു പുറമേ ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽനിന്നു തീർഥാടകരെത്തുന്നുണ്ട്. മണ്ഡലകാലത്തു ക്വാലലംപുരിൽനിന്നുൾപ്പെടെ കൊച്ചിയിലേക്കു പ്രത്യേക വിമാന സർവീസുകൾ ഇപ്പോൾത്തന്നെ നടത്തുന്നുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പ്രവാസികൾക്കും വിമാനത്താവളം ഏറെ പ്രയോജനപ്പെടും. ഭാവിയിലെ ആവശ്യം കൂടി കണക്കിലെടുത്താണു രാജ്യാന്തര വിമാനത്താവളം തന്നെ നിർമിക്കാനുള്ള നീക്കം.