Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല വിമാനത്താവളം: സാധ്യതാപഠന റിപ്പോർട്ട് ഉടൻ

തിരുവനന്തപുരം∙ ശബരിമല വിമാനത്താവളപദ്ധതിയുടെ ആദ്യ സാധ്യതാപഠന റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിനു സമർപ്പിക്കും. വിമാനത്താവളം നിർമിക്കാനായി സർക്കാർ തിരഞ്ഞെടുത്ത എരുമേലിക്കു സമീപമുള്ള ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമാണെന്ന നിലപാടാണു സാധ്യതാപഠനത്തിനു ചുമതലപ്പെടുത്തിയ യുഎസ് കമ്പനിയായ ലൂയി ബഗ്‌ർ കൺസൽറ്റിങ് അറിയിച്ചിട്ടുള്ളത്. പഠന റിപ്പോർട്ട് ലഭിച്ച ശേഷം പദ്ധതിയുടെ വിശദ രൂപരേഖ തയാറാക്കാനുള്ള നടപടികൾ തുടങ്ങും. ഒപ്പം, നിർമാണത്തിനുള്ള അനുമതി തേടി കേന്ദ്രസർക്കാരിനെയും സമീപിക്കും. 

ലഭ്യമായ റവന്യു രേഖകളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പരിശോധിച്ചാണു വിമാനത്താവളത്തിന്റെ സാങ്കേതിക, സാമ്പത്തിക സാധ്യതകളെക്കുറിച്ചുള്ള ആദ്യഘട്ട പഠനറിപ്പോർട്ട് തയാറാക്കുന്നത്. 

കോട്ടയം കലക്ടർ ഉൾപ്പെടെയുള്ളവരിൽനിന്ന് ഇതിനായി ലൂയി ബഗ്ർ അധികൃതർ വിവരങ്ങൾ ശേഖരിച്ചിരുന്നു. വിമാനമിറങ്ങാനും പറക്കാനുമുള്ള സൗകര്യങ്ങൾ, സമീപപ്രദേശങ്ങളിലെ ഉയർന്ന മലനിരകൾ തുടങ്ങിയ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. എസ്റ്റേറ്റിലെ ജലാശയങ്ങൾ ഉൾപ്പെടെ പരിസ്ഥിതിപ്രാധാന്യമുള്ള ഘടകങ്ങളും നേരിട്ടു പരിശോധിച്ചിരുന്നു. വിമാനത്താവളത്തിന്റെ സാമ്പത്തികമായ പ്രായോഗികതയെക്കുറിച്ചുള്ള പ്രാഥമികവിവരങ്ങളും റിപ്പോർട്ടിലുണ്ടാകും. 

കഴിഞ്ഞ ദിവസം വ്യോമയാനവകുപ്പിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ നേതൃത്വത്തിൽ സാധ്യതാപഠനത്തിന്റെ പുരോഗതി വിലയിരുത്തി. പഠനറിപ്പോർട്ട് സമർപ്പിക്കാൻ ലൂയി ബഗ‌്ർ അധികൃതർ 10 ദിവസത്തെ സാവകാശം കൂടി അഭ്യർഥിച്ചിരുന്നു. റിപ്പോർട്ട് അനുകൂലമാണെങ്കിൽ പദ്ധതിയുടെ വിശദമായ രൂപരേഖ തയാറാക്കാനുള്ള നടപടികൾ തുടങ്ങും. എയർപോർട്ട് അതോറിറ്റി, സിവിൽ ഏവിയേഷൻ എന്നീ വിഭാഗങ്ങളുടെ അനുമതിയും തേടും. 

അനുയോജ്യമായ ഭൂമി കണ്ടെത്തി നൽകിയാൽ വിമാനത്താവളത്തിന് അനുമതി നൽകാമെന്നു കേന്ദ്രസർക്കാർ നേരത്തേ ഉറപ്പുനൽകിയിട്ടുണ്ട്. എട്ടുമാസത്തിനുള്ളിൽ രൂപരേഖ തയാറാക്കി പ്രാഥമിക നിർമാണപ്രവർത്തനങ്ങൾ തുടങ്ങാനാണു സർക്കാർ ലക്ഷ്യമിടുന്നത്.  

വെല്ലുവിളി നിയമക്കുരുക്ക് 

വിമാനത്താവളത്തിനു സ്ഥലമേറ്റെടുക്കാൻ കുടിയൊഴിപ്പക്കലും പരിസ്ഥിതിപ്രശ്നങ്ങളും ഉൾപ്പെടെ വലിയ സങ്കീർണതകൾ ഇല്ലെങ്കിലും ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസ് സർക്കാരിനു വെല്ലുവിളിയാകും. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ഉടമസ്ഥതയിലായിരുന്ന ഭൂമി ബിലീവേഴ്സ് ചർച്ചിനു കൈമാറിയത് നിയമവിരുദ്ധമാണെന്നും ഭൂമി സർക്കാരിന്റേതാണെന്നുമാണു സർക്കാർ നിയോഗിച്ച സ്പെഷൽ ഓഫിസർ എം.ജി.രാജമാണിക്യം രണ്ടുവർഷം മുൻപ് റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കാൻ സർക്കാർ നോട്ടിസ് നൽകിയിരുന്നു. ഇതിനെതിരെ ബിലീവേഴ്സ് ചർച്ച് ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ നേടി. റിപ്പോർട്ടിനു നിയമസാധുതയില്ലെന്നു പിന്നീട് നിയമസെക്രട്ടറി സർക്കാരിനു റിപ്പോർട്ട് നൽകി. കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

വൈകാതിരിക്കാൻ പോംവഴി 

ഹൈക്കോടതിയിലെ ഉടമസ്ഥാവകാശത്തർക്കം തീരാൻ വൈകുകയാണെങ്കിൽ എസ്റ്റേറ്റിലെ 2263 ഏക്കർ ഭൂമിയുടെ വില നിശ്ചയിച്ചു തുക കേസ് നടക്കുന്ന ഹൈക്കോടതിയിൽ കെട്ടിവച്ചു സ്ഥലം ഏറ്റെടുക്കണമെന്ന നിർദേശവും സർക്കാരിന്റെ പരിഗണനയിലുണ്ട്.

ഹൈക്കോടതി നിശ്ചയിക്കുന്ന ഉടമസ്ഥർക്കു പണം ലഭിക്കുന്ന തരത്തിലായിരിക്കും ഇത്. ഹൈക്കോടതി വിധി ബിലീവേഴ്സ് ചർച്ചിന് അനുകൂലമായാൽ സർക്കാർ കെട്ടിവയ്ക്കുന്ന തുക അവർക്കു നൽകും. വിധി സർക്കാരിന് അനുകൂലമായാൽ പണം തിരിച്ചുകിട്ടും.

related stories