Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോണ്‍ക്രീറ്റ് കെട്ടിടങ്ങളല്ല, ശബരിമലയില്‍ വേണ്ടത് പ്രാഥമിക സൗകര്യങ്ങൾ: മുഖ്യമന്ത്രി

Sabarimala മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല സന്നിധാനത്തെത്തിയപ്പോൾ. ചിത്രം: നിഖിൽ രാജ്

ശബരിമല ∙ കൂ‌ടുതൽ കോൺക്രീറ്റ് കെട്ടിടങ്ങൾ ശബരിമലയിൽ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെ‌ന്നും ഭക്തർക്ക് മറ്റു പ്രാഥമിക സൗകര്യങ്ങളാണ് ഒരുക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സന്നിധാനത്ത് വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ വരിക, ദർശനം നടത്തുക, വേഗം തിരികെ പോകുക എന്ന സമീപനമാണ് ആവശ്യം. ശബരിമല വികസന പദ്ധതിയിൽ ദശലക്കണക്കിനു തീർഥാടകരുടെ സൗകര്യം മാത്രമാകണം പ്രധാനം. കൃത്യമായ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള പദ്ധതികളാണ് നടക്കുന്നത്, അങ്ങനെയാണ് നടക്കേണ്ടതും.

ബജറ്റിൽ വകയിരുത്തിയ 204 കോടി രൂപയും കേന്ദ്ര സർക്കാരിന്റെ 100 കോടി രൂപയും ഉപയോഗിച്ചുള്ള വികസന പദ്ധതികളാണ് നടപ്പാക്കാനിരിക്കുന്നത്. ഇതിൽ പുണ്യ ദർശനം കോപ്ലക്സ്, പാണ്ടിത്താവളത്ത് ജലസംഭരണി എന്നിവയുടെ ശിലാസ്ഥാപനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടർ പി. ബാലകിരൺ, രാജു ഏബ്രഹാം എംഎൽഎ എന്നിവർ പ്രസംഗിച്ചു. 

നേരത്തെ, ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കുന്ന കാര്യം കേന്ദ്ര സർക്കാരിനു മുന്നിൽ അവതരിപ്പിക്കുമെന്ന് തീർഥാടന ഒരുക്കങ്ങൾ അവലോകനം ചെയ്ത ശേഷം മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ ദേശീയ തീർഥാടന കേന്ദ്രമല്ലെങ്കിലും അതിലും പ്രധാനമാണ് ശബരിമലയെന്നു നമുക്കറിയാം.

തീർഥാടകർക്ക് ഇപ്പോഴുള്ള ചില പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടിയാണ് വിമാനത്താവളം പ്രഖ്യാപിച്ചത്. അതിനു നല്ല പ്രതികരണം ലഭിക്കുന്നു. ശബരി റെയിൽ പാതയോടും കേന്ദ്രത്തിനു യോജിപ്പാണ്. സ്ഥലമെടുപ്പ് വേഗം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.