Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല തീർഥാടകർക്കുള്ള വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റിൽ നിർമിക്കും

Representative Image Representative Image

തിരുവനന്തപുരം∙ ശബരിമല തീർഥാടകർക്കായുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ നിർമിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹാരിസണ്‍ പ്ലാന്‍റേഷന്‍റെ ചെറുവളളി എസ്റ്റേറ്റില്‍ ആയിരിക്കും വിമാനത്താവളം നിർമിക്കുക. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അധ്യക്ഷനായ സമിതിയുടെ തീരുമാനം സർക്കാർ അംഗീകരിച്ചു. 2,263 ഏക്കര്‍ ഭൂമിയാണ് ഇവിടെയുള്ളത്. രണ്ടു ദേശീയപാതകളുടെയും അഞ്ച് പൊതുമരാമത്തു റോഡുകളുടെയും സമീപത്താണു സ്ഥലം. ഇവിടെനിന്നു ശബരിമലയിലേക്ക് 48 കിലോമീറ്ററാണ് ദൂരം. കൊച്ചിയില്‍നിന്ന് 113 കിലോ മീറ്റര്‍ ദൂരമുണ്ട്. ആറന്മുള വിമാനത്താവളത്തിനു പകരമാണ് കോട്ടയത്ത് വിമാനത്താവളം വരുന്നത്.

പുതിയ വിമാനത്താവളത്തിനായുള്ള പ്രാഥമിക പഠനത്തിന് ഏജൻസിയെ നിശ്ചയിക്കാൻ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ടെൻഡർ ക്ഷണിച്ചിരുന്നു. ലൂയി ബ്ഗർ കൺസൽറ്റൻസി എന്ന സ്ഥാപനമാണ് ഏറ്റവും കുറഞ്ഞ തുകയ്ക്ക് പഠനം വാഗ്ദാനം ചെയ്തത്. സാങ്കേതിക കാര്യങ്ങളിലും ഈ സ്ഥാപനമാണ് മുന്നിൽ. പഠനത്തിനായി മൂന്നു കോടിയിലേറെ രൂപയാണ് സ്ഥാപനം ആവശ്യപ്പെടുന്നതെന്നാണ് സൂചന.

പദ്ധതിക്കു സ്ഥലം കണ്ടെത്താൻ നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നംഗ സമിതിയെ നിശ്ചയിച്ചിരുന്നു. റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ ഡോ. എം. ബീന, പത്തനംതിട്ട ജില്ലാ കലക്ടർ ആർ. ഗിരിജ എന്നിവരായിരുന്നു അംഗങ്ങൾ. 

പത്തനംതിട്ട, കോട്ടയം ജില്ലകളിലായി നാലു സ്ഥലങ്ങളാണ് സമിതി നിർദേശിച്ചത്. പത്തനംതിട്ട ജില്ലയിലെ കുമ്പഴ എസ്റ്റേറ്റ്, കല്ലേലി എസ്റ്റേറ്റ്, ളാഹ എസ്റ്റേറ്റ്, കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് എന്നിവ. ഈ സ്ഥലങ്ങൾ പരിശോധിച്ച സമിതി ഇവയുടെ റാങ്കിങ്ങും നടത്തിയാണ് റിപ്പോർട്ട് നൽകിയത്.