Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിലെ നിർദിഷ്ട വിമാനത്താവളം: സർക്കാർ പരിഗണനയിൽ ആറു സ്ഥലങ്ങൾ

തിരുവനന്തപുരം∙ ശബരിമലയിലെ നിർദിഷ്ട വിമാനത്താവളത്തിനായി ആറു സ്ഥലങ്ങൾ സർക്കാരിന്റെ പരിഗണനയിൽ. പത്തനംതിട്ട ജില്ലയിലെ കുമ്പഴ, കല്ലേലി, ളാഹ, കോട്ടയം ജില്ലയിലെ ചെറുവള്ളി, വെള്ളനാടി, എരുമേലി പ്രപ്പോസ് എന്നിവിടങ്ങളാണു സർക്കാർ നിയോഗിച്ച വിദഗ്ധസമിതി നിർദേശിച്ചിരിക്കുന്നത്. ഈ പട്ടികയിൽ ഏറ്റവും അനുയോജ്യമായ സ്ഥലം ഏതെന്നു കണ്ടെത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിദഗ്ധസമിതിക്കു നിർദേശം നൽകി. 

റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ ഡോ. എം.ബീന, പത്തനംതിട്ട കലക്ടർ ആർ.ഗിരിജ എന്നിവരടങ്ങിയ സമിതിയാണു സ്ഥലങ്ങൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചത്.

നിർദേശിക്കപ്പെട്ട ആറു സ്ഥലങ്ങളിൽ ഭൂരിഭാഗവും റബർ എസ്റ്റേറ്റുകളാണ്. കുടിയൊഴിപ്പിക്കലും മറ്റും കുറച്ചുമാത്രമേ വേണ്ടിവരൂ എന്നാണു സമിതിയുടെ വിലയിരുത്തൽ. ആറു സ്ഥലങ്ങളിൽ അനുയോജ്യമായതു വ്യോമയാന വിദഗ്ധരെക്കൂടി ഉൾപ്പെടുത്തി യോഗം ചേർന്നു തീരുമാനിക്കാമെന്നും സമിതി നിർദേശിച്ചിരുന്നു.

എന്നാൽ, സമിതി നിർദേശിച്ച പട്ടികയിൽ ഏറ്റവും അനുയോജ്യമായതു കണ്ടെത്താനാണു മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്. 

ശബരിമലയിൽ വിമാനത്താവളത്തിനു സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായാൽ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിലാക്കാമെന്നു കേന്ദ്രസർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. വിമാനത്താവളം സംബന്ധിച്ച പഠനത്തിനായി നേരത്തേ സംസ്ഥാന വ്യവസായ വികസന കോർപറേഷനെ (കെഎസ്ഐഡിസി) ചുമതലപ്പെടുത്തിയിരുന്നു.

പ്രമുഖ വിമാനത്താവള കൺസൽറ്റിങ് കമ്പനിയായ അമേരിക്കയിലെ എയ്‌കോം നടത്തിയ പഠനത്തിൽ ചെറുവള്ളി, ളാഹ എസ്റ്റേറ്റുകൾ വിമാനത്താവളത്തിന് അനുയോജ്യമാണെന്നു കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് സർക്കാരിന്റെ കൈവശമുണ്ട്.