മാതാപിതാക്കൾ വഴക്കിട്ട് പോയി; ഒന്നര വയസ്സുകാരി വീട്ടിൽ കിടന്നു മരിച്ചു

ജയ്പുർ∙ മാതാപിതാക്കൾ വീട്ടിൽ പൂട്ടിയിട്ടു പോയ ഒന്നര വയസ്സുകാരി മരിച്ച നിലയിൽ. വെള്ളിയാഴ്ച ജയ്പുരിലെ ബൻസ്വാരയിൽ നടന്ന സംഭവം ഇന്നാണ് പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ വഴക്കുണ്ടായതിനെത്തുടർന്ന് അമ്മ അവരുടെ വീട്ടിലേക്കു പോയി. അൽപസമയം കഴിഞ്ഞപ്പോൾ പിതാവും വീടു പൂട്ടി പുറത്തേക്കു പോയി.

ഇന്നു ച്ചയോടെ വീടിനകത്തു നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പ്രദേശത്തെ ഒരു അംഗൻവാടി ജീവനക്കാരൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തും മുൻപേ കുഞ്ഞിന്റെ മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസ് വിവരം അറിയിച്ചപ്പോഴാണ് മാതാപിതാക്കളും എത്തിയത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടുകൊടുത്തു. കോ‌ട്‌വാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.