ന്യൂയോർക്ക് ∙ ജീവിച്ചിരിക്കുന്ന 100 മഹദ് വ്യവസായികളെ ഉൾപ്പെടുത്തി വിഖ്യാതമായ ഫോബ്സ് മാസിക തയാറാക്കിയ പട്ടികയിൽ ഇന്ത്യയിൽനിന്ന് മൂന്നുപേർ ഇടം നേടി. ആർസലോ മിത്തലിന്റെ ചെയർമാനും സിഇഒയുമായ ലക്ഷ്മി മിത്തൽ, ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റ, സൺ മൈക്രോ സിസ്റ്റംസിന്റെ സഹ സ്ഥാപകൻ വിനോദ് ഖോസ്‌ല എന്നിവരാണ് പട്ടികയിൽ സ്ഥാനം പിടിച്ച ഇന്ത്യക്കാർ. ഫോബ്സ് മാസിക പുറത്തിറങ്ങിയതിന്റെ 100–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു പ്രത്യേക പട്ടിക തയാറാക്കിയത്.
വ്യവസായി കൂടിയായ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പട്ടികയിൽ ഇടം നേടി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, വിർജിൻ ഗ്രൂപ്പ് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസൻ, ബെർക്‌ഷെയർ ഹാത്ത്എവേ സിഇഒ വാറൻ ബഫറ്റ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, ന്യൂ കോർപ് എക്സിക്യൂട്ടീവ് ചെയർമാൻ റൂപർട്ട് മർഡോക്ക് എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച പ്രമുഖർ.
സിഎൻഎൻ സ്ഥാപകൻ ടെഡ് ടേണർ, ടോക്‌ഷോ മാസ്റ്റർ ഓപ്ര വിൻഫ്രി, ഡെൽ ടെക്നോളജീസ് സ്ഥാപകൻ മൈക്കൽ ഡെൽ, സ്പേസ് എക്സ് സഹസ്ഥാപകൻ എലോൻ മസ്ക്, ഫെയ്സ്ബുക് സിഒഒ ഷെറിൽ സാൻഡ്ബെർഗ് തുടങ്ങിയവരും പട്ടികയിലുണ്ട്.