Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസ്ത്രിയെ പുറത്താക്കിയത് ശരി: ട്രൈബ്യൂണൽ

cyrus-ratan

മുംബൈ ∙ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റയുടെ തലപ്പത്തുനിന്നു സൈറസ് മിസ്ത്രിയെ പുറത്താക്കിയതു ദേശീയ  കമ്പനി നിയമ ട്രൈബ്യൂണൽ (എൻസിഎൽടി) ശരിവച്ചു. ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തു നിന്നു നീക്കിയതു ചോദ്യം ചെയ്താണു മിസ്ത്രി എൻസിഎൽടിയെ സമീപിച്ചത്. കൂടാതെ രത്തൻ ടാറ്റയ്ക്കും കമ്പനി ബോർഡിനും എതിരെ മിസ്ത്രി ആരോപിച്ച ഗുരുതരമായ പെരുമാറ്റ ദൂഷ്യവും എൻസിഎൽടി തള്ളിക്കളഞ്ഞു.

രണ്ടു വർഷമായി തുടരുന്ന കേസിലാണ് എൻസിഎൽടി യുടെ വിധി. ടാറ്റ സൺസിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിനു കമ്പനി ചെയർമാനെ നീക്കാനുള്ള അവകാശം ഉണ്ടെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. ബോർഡിനും ഭൂരിഭാഗം ഓഹരി ഉടമകൾക്കും  മിസ്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടതാണു പുറത്താക്കലിനു വഴിവച്ചതെന്നും  എൻസിഎൽടി കണ്ടെത്തി. കമ്പനിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ആദായനികുതി വകുപ്പിനു നൽകി. കൂടാതെ മാധ്യമങ്ങൾക്കും വിവരങ്ങൾ കൈമാറി.

ഭൂരിഭാഗം അനുകൂലിച്ചു

ചെയർമാനെയോ ഡയറക്ടറെയോ നീക്കം ചെയ്യാൻ കമ്പനിക്ക് അധികാരമുണ്ടെന്നു ടാറ്റാ ഗ്രൂപ്പ് വാദിച്ചു. ഭൂരിഭാഗം അനുകൂലിച്ചതിനെ തുടർന്നാണു മിസ്ത്രിയെ നീക്കിയതെന്ന വാദം ട്രൈബ്യൂണൽ അംഗീകരിക്കുകയായിരുന്നു. കമ്പനി നിയമം (2013)  പ്രകാരമാണു ബോർഡ് നടപടി സ്വീകരിച്ചത്. മിസ്ത്രിയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും ട്രൈബ്യൂണൽ കണ്ടെത്തി. കമ്പനി ബോർഡും രത്തൻ ടാറ്റയും ഭരണരംഗത്തു വീഴ്ച വരുത്തിയെന്ന വാദവും എൻസിഎൽടി തള്ളി. 

വിധി സ്വാഗതാർഹം

എൻസിഎൽടി വിധിയെ ടാറ്റാ സൺസ് സ്വാഗതം ചെയ്തു. ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ  ശരിയായ ദിശയിലാണു നീങ്ങുന്നതെന്നു വിധി  വ്യക്തമാക്കുന്നു. ഓഹരി ഉടമകളുടെയും കമ്പനിയുടെയും താൽപര്യം സംരക്ഷിക്കാൻ വിധി ഉപകരിക്കുമെന്നു ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. മികച്ച ഭരണവും, സുതാര്യതയും ഉറപ്പിക്കാൻ തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിധി നിരാശപ്പെടുത്തി;  അപ്പീൽ നൽകും

ട്രൈബ്യൂണലിന്റെ വിധി നിരാശപ്പെടുത്തിയതായി മിസ്ത്രി.  വിധിക്കെതിരെ ദേശീയ കമ്പനി ലോ അപ്‌ലറ്റ്  ട്രൈബ്യൂണലിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ടാറ്റ സൺസിന്റെ  ഓഹരി ഉടമകളുടെ  താൽപര്യം സംരക്ഷിക്കുന്നതിനും സുതാര്യമായ ഭരണം നിലനിർത്തുന്നതിനും  തുടർന്നും ശക്തമായ ശ്രമം തുടരും.

കേസിന്റെ നാൾവഴികൾ

2016 ഒക്ടോ., 24: ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തു നിന്ന് മിസ്ത്രിയെ പുറത്താക്കി.

ഡിസം. 19: ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടർ പദവിയിൽ നിന്നു മിസ്ത്രി രാജിവച്ചു.

ഡിസം. 20: കമ്പനിയിലെ ദുർഭരണം, ഓഹരി ഉടമകളോടുള്ള ജനദ്രോഹ നടപടികൾ എന്നിവയ്ക്കെതിരേ മിസ്ത്രി എൻസിഎൽടിയെ സമീപിച്ചു.

2017 ജനു. 12: എൻ. ചന്ദ്രശേഖരനെ  ചെയർമാനായി നിയമിച്ചു.

ഫെബ്രു. 6. ടാറ്റാ സൺസ് ബോർഡ് ഡയറക്ടർ സ്ഥാനത്തു നിന്നു മിസ്ത്രിയെ നീക്കി.

സെപ്റ്റം. 21: ടാറ്റാ സൺസ് സ്വകാര്യ കമ്പനിയാക്കാൻ ബോർഡിന്റെ അനുമതി.

2018 ജൂൺ 12: ജൂലൈ നാലിനു വിധി പറയുമെന്ന് എൻസിഎൽടി.

ജൂലൈ 4: വിധി പറയുന്നത് ഒൻപതിലേക്കു മാറ്റുന്നു.