ജറുസലം ∙ ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹുവിനെതിരായ അഴിമതിക്കേസിൽ ടാറ്റ ഗ്രൂപ്പ് തലവൻ രത്തൻ ടാറ്റ മൊഴി നൽകിയെന്ന വാർത്ത വസ്തുതാപരമായി ശരിയല്ലെന്നു ടാറ്റയുടെ ഓഫിസ്.
നെതന്യാഹു വൻ ബിസിനസുകാരിൽനിന്നു കോടിക്കണക്കിനു ഷെക്കലിന്റെ ‘സമ്മാനങ്ങൾ’ സ്വീകരിച്ചതു സംബന്ധിച്ച കേസിൽ രത്തൻ ടാറ്റയുടെ പങ്കാളിത്തം ആരായുന്നതിന് ഇസ്രയേൽ പൊലീസ് അദ്ദേഹത്തെ രണ്ടുമണിക്കൂർ ചോദ്യം ചെയ്തുവെന്നു ദ് ടൈംസ് ഓഫ് ഇസ്രയേലും ഒരു ഹീബ്രു വെബ് പോർട്ടലും റിപ്പോർട്ട് ചെയ്തിരുന്നു.
കേസ് 1000 എന്ന ഈ ‘സമ്മാന’ക്കേസിൽ ഇസ്രയേൽ വ്യവസായിയും ഹോളിവുഡ് നിർമാതാവുമായ ആർനൻ മിൽക്കനും കുറ്റാരോപിതനാണ്. ജോർദാൻ–ഇസ്രയേൽ അതിർത്തിയിൽ സ്വതന്ത്ര വ്യാപാരമേഖല ആരംഭിക്കുന്നതിനു ടാറ്റയുമായി കൂടിയാലോചന നടത്താൻ മിൽക്കൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടുവെന്നും അതിനായി വൻ‘സമ്മാന’ങ്ങൾ നൽകിയെന്നുമാണ് ആരോപണം. എന്നാൽ പദ്ധതി യാഥാർഥ്യമായില്ല.
രത്തൻ ടാറ്റ കഴിഞ്ഞയാഴ്ച ഇന്ധനക്ഷമതാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ടെൽ അവീവിൽ എത്തിയപ്പോൾ അദ്ദേഹത്തോടു മിൽക്കനുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചോദിച്ചറിയാൻ ഇസ്രയേൽ അധികൃതർ അനുവാദം ചോദിച്ചിരുന്നുവെന്നും ഉച്ചകോടിക്കിടെ അനൗദ്യോഗികമായി രണ്ട് ഉദ്യോഗസ്ഥർ അദ്ദേഹത്തെ കണ്ടിരുന്നുവെന്നും ആവശ്യമായ വിശദീകരണം നൽകിയെന്നും ടാറ്റയുടെ ഓഫിസ് അറിയിച്ചു.
താജ് ഗ്രൂപ്പ് ഹോട്ടലുകൾക്കു സുരക്ഷ നൽകുന്നതിനെക്കുറിച്ചാണു മിൽക്കനുമായി സംസാരിച്ചതെന്നും വ്യക്തമാക്കി. ചോദ്യംചെയ്യലിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ഇസ്രയേൽ പൊലീസ് വ്യക്തമാക്കി.