Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്ക് രക്ഷാസമിതിയിൽ സ്ഥിരാംഗത്വം നൽകണം; പിന്തുണച്ച് പോർച്ചുഗൽ

united-nations

ന്യൂയോർക്ക് ∙ യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ ശക്തമായി പിന്തുണച്ച് പോർച്ചുഗൽ. ലോകത്തെ ഏറ്റവും ശക്തമായ സംഘടനയിൽ എല്ലാ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ടെന്നു പൊതുസഭയെ അഭിസംബോധന ചെയ്ത പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ ലൂയി ഡകോസ്റ്റ പറഞ്ഞു. സുസ്ഥിര സമാധാനത്തിനു രക്ഷാസമിതിയിൽ മെച്ചപ്പെട്ട പ്രാതിനിധ്യം അനിവാര്യമാണ്.

ആഫ്രിക്കൻ ഭൂഖണ്ഡം, ഇന്ത്യ, ബ്രസീൽ എന്നിവയ്ക്കു സ്ഥിരാംഗത്വം എല്ലാക്കാലവും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകസമാധാനത്തിനും സുരക്ഷിതത്വത്തിനുമായി പ്രവർത്തിക്കാനുള്ള രക്ഷാസമിതിയുടെ ഉത്തരവാദിത്തം പൂർണമായി നിറവേറ്റപ്പെടുന്നില്ലെന്നും സമഗ്ര മാറ്റം ആവശ്യമാണെന്നും ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു. സെനഗൽ, നമീബിയ എന്നീ രാഷ്ട്രങ്ങളുടെ പ്രസിഡന്റുമാരും രക്ഷാസമിതിയിൽ ആഫ്രിക്കയുടെ പ്രാതിനിധ്യത്തിനായി ശബ്ദമുയർത്തി.

വൻ ആണവശക്തികൾ നിരന്തരമായി എതിർക്കുന്ന അണ്വായുധ നിരോധന കരാറിൽ 50 രാജ്യങ്ങൾ ഒപ്പുവച്ചു. അഞ്ച് ആണവ രാഷ്ട്രങ്ങൾ ആണവനിരായുധീകരണത്തിനായി പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകുന്നതും മറ്റു രാജ്യങ്ങൾ ഊർജോൽപാദനത്തിനു മാത്രം ആണവവസ്തുക്കൾ ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പാക്കുന്നതുമായ കരാർ 120 രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. അതിനിടെ, യുഎൻ രക്ഷാസമിതിയിൽ അഴിച്ചുപണി ആവശ്യമാണെന്ന് ഇന്ത്യ ഉൾപ്പെടുന്ന ജി4 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ആവശ്യപ്പെട്ടു. 21–ാം നൂറ്റാണ്ടിന്റെ യാഥാർഥ്യങ്ങൾ മനസ്സിലാക്കി സ്ഥിരാംഗത്വം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിപുലീകരണം ആവശ്യമാണെന്നു ബ്രസീൽ, ജർമനി, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം വിലയിരുത്തി.