ന്യൂഡൽഹി∙ അപ്രതീക്ഷിത പിരിച്ചുവിട്ടലിനെ തുടർന്ന് മലയാളി നഴ്സ് ആത്മഹത്യയ്ക്കു ശ്രമിച്ച ഡൽഹിയിലെ ഐഎസ്ബിഎസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലിയറി സയൻസസ്) ആശുപത്രിയിൽ നഴ്സുമാരുടെ സമരം. അപകടനില തരണം ചെയ്ത നഴ്സ് ഇപ്പോൾ എയിംസ് ആശുപത്രിയിൽ ചികിൽസയിലാണ്. തൊഴിൽ സംബന്ധമായി ആശുപത്രിയിൽനിന്നു നേരിടുന്ന പീഡനത്തെക്കുറിച്ച് നഴ്സുമാർ നേരത്തേതന്നെ ഡൽഹി സർക്കാരിനു പരാതി നൽകിയിരുന്നു.
അതിനിടെ, നഴ്സുമാരിൽ ചിലരെ ആശുപത്രി അധികൃതർ അകത്തു പൂട്ടിയിട്ടതായി സമരം നടത്തുന്ന നഴ്സുമാർ അറിയിച്ചു. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങേണ്ട നഴ്സുമാരെയാണു പൂട്ടിയിട്ടിരിക്കുന്നത്. സമരത്തിൽ പങ്കെടുക്കാതിരിക്കാനാണു പൂട്ടിയിട്ടിരിക്കുന്നതെന്നു നഴ്സുമാര്‍ പറയുന്നു. ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം സെക്യൂരിറ്റി ജീവനക്കാരാണ് ഇവരെ പൂട്ടിയിട്ടത്. രാവിലെ എട്ടുമണിക്ക് കന്റീനിൽ ഭക്ഷണം കഴിക്കാൻ പോയശേഷം തിരികെ ആശുപത്രിക്കു പുറത്തേക്കിറങ്ങാൻ ഒരുങ്ങിയപ്പോഴാണു പൂട്ടിയിട്ടതായി വ്യക്തമായത്. ഇവരെ ഡബിൾ ഡ്യൂട്ടി എടുക്കാൻ നിർബന്ധിക്കുന്നുവെന്നും നഴ്സുമാർ അറിയിച്ചു.
എന്നാൽ ഇക്കാര്യത്തെക്കുറിച്ചു പ്രതികരിക്കാൻ ആശുപത്രി അധികൃതർ വിസ്സമ്മതിച്ചു. രോഗികളെ ഡിസ്ചാർജ് ചെയ്ത് ആശുപത്രി അടച്ചിടാനാണു നീക്കമെന്നും സൂചനയുണ്ട്. ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും തയാറല്ലെന്നാണു മാനേജ്മെന്റിന്റെ നിലപാട്. അതേസമയം, ആശുപത്രിക്കു പുറത്ത് മലയാളി നഴ്സുമാർ അടക്കമുള്ളവർ സമരം ചെയ്യുന്നുണ്ട്.
കഴിഞ്ഞ കുറച്ചുനാളുകളായി കാരണമൊന്നും പറയാതെ കരാർ പുതുക്കാതെ ഇരുപതിൽപരം നഴ്സുമാരെ ആശുപത്രി അധികൃതർ പിരിച്ചുവിട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചു ജൂലൈ അവസാനം നഴ്സുമാർ അനിശ്ചിതകാല നിരാഹാര സമരം നടത്തി. എട്ടുദിവസത്തെ സമരം ഡൽഹി തൊഴിൽമന്ത്രി ഗോപാൽ റായിയുടെ ഇടപെടലിലൂടെ അവസാനിപ്പിച്ചെങ്കിലും പിന്നീട് സമരത്തില്‍ പങ്കെടുത്ത നഴ്സുമാർക്കെതിരെ പ്രതികാരനടപടികൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നു വന്നതാണ് വീണ്ടും പ്രകോപനമുണ്ടാക്കിയത്. അതിനുപിന്നാലെയാണ് ഇപ്പോഴത്തെ സമരം.