കുരുന്നുകൾ ആദ്യാക്ഷരമെഴുതി; ക്ഷേത്രങ്ങളിൽ വൻ ഭക്തജനപ്രവാഹം

കോട്ടയം∙ വിജയദശമി ദിനത്തിലെ വിദ്യാരംഭച്ചടങ്ങുകളിൽ വിവിധ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്. നാവിൽ സ്വർണമോതിരംകൊണ്ടും അരിയിൽ ചൂണ്ടുവിരൽകൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതി നിരവധിക്കുട്ടികൾ അറിവിന്റെ ലോകത്തേക്ക് പിച്ചവച്ചു. കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തില്‍ സരസ്വതീനടയ്ക്കു സമീപം പ്രത്യേക എഴുത്തിനിരുത്തൽ മണ്ഡപം ഒരുക്കിയാണ് ചടങ്ങു നടത്തുന്നത്. 56 ഗുരുക്കന്മാരാണ് ഇവിടെ എഴുത്തിനിരുത്താനെത്തുക.

കൊല്ലൂർ മൂകാംബികാ ദേവീ ക്ഷേത്രത്തിലും വിദ്യാരംഭത്തിനുള്ള അവസരം നിരവധി കുരുന്നുകൾ പ്രയോജനപ്പെടുത്തി. വൻ ഭക്തജനപ്രവാഹമാണ് ക്ഷേത്രത്തിലേക്ക് ഉണ്ടായിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി നടന്ന രഥോൽസവവേളയിൽ ക്ഷേത്രം ജനസാഗരമായി. എറണാകുളത്ത് ചോറ്റാനിക്കരയിലും പറവൂർ ദക്ഷിണമൂകാംബിയിലും വിദ്യാരംഭം നടന്നു.