ലണ്ടൻ∙ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 2013 ലെ ബലോൻ ദ് ഓർ പുരസ്കാരം ലേലം ചെയ്ത് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഏകദേശം ആറുലക്ഷത്തോളം യൂറോയ്ക്കാണ് പുരസ്കാരം ലേലം ചെയ്തത്. ലണ്ടനില്‍ നടന്ന ചടങ്ങിൽ ലേലത്തുകയായി ലഭിച്ച പണം ‘മേക്ക് എ വിഷ്’ എന്ന ചാരിട്ടി ഫൗണ്ടേഷനു നല്‍കി. ഇസ്രായേലിലെ ഏറ്റവും ധനികരിലൊരാളായ ഇദാന്‍ ഒഫറാണു പുരസ്കാരം ലേലത്തില്‍ പിടിച്ചത്.
ദുരിതത്തിലും പ്രയാസത്തിലും കഴിയുന്ന കുട്ടികളെ സഹായിക്കാനാണ് ചാരിട്ടി തുക ഉപയോഗിക്കുക. നേപ്പാള്‍ ഭൂകമ്പം ഉള്‍പ്പടെ നിരവധി തവണ ക്രിസ്റ്റ്യാനോ ചാരിട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഫിഫയുടെ ബലോൻ ദ് ഓർ പുരസ്കാരത്തിനു നാലു തവണ അര്‍ഹനായ വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുമ്പോഴും 2013, 2014, 2016 വർഷങ്ങളിൽ റയൽ മഡ്രിഡിനായി കളിക്കുമ്പോഴുമാണ് റൊണാൾഡോ പുരസ്കാരത്തിന് അർഹനായത്.