Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരുണാചലിൽ വ്യോമസേനയുടെ ഹെലിക്കോപ്റ്റർ തകർന്ന് ഏഴു മരണം

Mi-17-V5-helicopter Representational image

തവാങ്∙ പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ ഹെലിക്കോപ്റ്റർ അരുണാചൽ പ്രദേശിൽ ചൈനീസ് അതിർത്തിയോടു ചേർന്ന തവാങ്ങിൽ തകർന്നുവീണ് ഏഴു പേർ മരിച്ചു. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരും രണ്ടു സൈനികരുമാണ് കൊല്ലപ്പെട്ടത്. വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ–17 വി 5 ഹെലിക്കോപ്റ്ററാണ് രാവിലെ ആറുമണിയോടെ തകർന്നുവീണത്.

മലയിടുക്കുകളിൽ സേനവമനുഷ്ഠിക്കുന്ന ഇന്ത്യൻ സൈന്യത്തിനുള്ള അവശ്യസാമഗ്രികളുമായിപ്പോയ വിമാനമാണ് തകർന്നത്. വാർത്ത സ്ഥിരീകരിച്ച വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒക്ടോബർ എട്ടിന് വ്യോമസേനാ ദിനം ആചരിക്കാനൊരുങ്ങവെയാണ് ദുരന്തമെത്തിയത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 28ന് ഹൈദരാബാദിൽ വ്യോമസേനാ വിമാനം പരിശീലനത്തിനിടെ തകർന്നു വീണിരുന്നു. വിമാനം കത്തിയമർന്നെങ്കിലും പൈലറ്റ് അദ്ഭുതകരമായി രക്ഷപെടുകയായിരുന്നു.

അസം – അരുണാചൽ അതിർത്തിയിൽ സുഖോയ് 30 യുദ്ധവിമാനം തകർന്നു വീണത് മേയ് 23നാണ്. അപകടത്തിൽ മലയാളിയായ ഫ്ലൈറ്റ് ലഫ്റ്റനന്റ് എസ്. അച്ചുദേവ് ഉൾപ്പെടെ രണ്ടുപേരാണ് മരിച്ചത്. അസമിലെ തേസ്പൂരിൽനിന്നു പറന്നുയർന്ന വിമാനമാണ് തകർന്നു വീണത്. ചൈനീസ് അതിർത്തിയിൽനിന്നു 350 കിലോമീറ്റർ അകലെയാണു തേസ്പുർ.

ഇന്ത്യൻ വ്യോമസേനയ്ക്കു നഷ്ടമാകുന്ന എട്ടാമത്തെ സുഖോയ് വിമാനമായിരുന്നു ഇത്. 240 സുഖോയ് വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് നിലവിലുള്ളത്.

related stories