Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മടക്കു കസേര സ്ഥാപിച്ചില്ല, കൊച്ചിയിൽ കാണികളുടെ എണ്ണം കുറച്ചു

kaloor-stadium

കൊച്ചി∙കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലെ ടിക്കറ്റുകളുടെ എണ്ണം കുറയ്ക്കാൻ കാരണം ജിസിഡിഎയുടെ പിടിപ്പുകേടെന്ന് ആക്ഷേപം. മടങ്ങുന്ന കസേരകൾ വേണമെന്ന ഫിഫയുടെ നിർദേശം അവഗണിച്ചതാണു വിനയായത്.

അത്യാവശ്യഘട്ടങ്ങളിൽ പരമാവധി എട്ടു മിനുട്ടിനുള്ളിൽ സ്റ്റേഡിയത്തിലെ മുഴുവൻ കാണികളെയും ഒഴിപ്പിക്കാൻ കഴിയണമെന്നതാണ് ഫിഫയുടെ മാനദണ്ഡം. ഇക്കാരണത്താലാണ് അറുപതിനായിരത്തിലേറെ പേര്‍ക്ക് ഇരിക്കാവുന്ന കലൂര്‍ സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 41,478 ആയി നിശ്ചയിച്ചത്. എന്നാല്‍ ഒടുവില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ സീറ്റുകളുടെ എണ്ണം 29,000 ആയി കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കസേരകള്‍ മടങ്ങുന്നവയല്ലാത്തതിനാല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തിനു പുറത്തു കടക്കാന്‍ കൂടുതല്‍ സമയം വേണമെന്നതാണ് വിനയായത്. 

മടങ്ങുന്നവ ആയിരുന്നെങ്കില്‍ ഒരാള്‍ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ തന്നെ അടുത്തയാള്‍ക്ക് സഞ്ചരിക്കാന്‍ കൂടുതല്‍ സ്ഥലം ലഭിക്കുകയും വേഗത്തില്‍ വാതിലുകള്‍ക്കടുത്തെത്താന്‍ സാധിക്കുമായിരുന്നുവെന്നുമാണ് വിലയിരുത്തല്‍. മടങ്ങുന്ന കസേരകള്‍ വേണമെന്ന ഫിഫയുടെ നിര്‍ദേശം ലാഘവത്തോടെ കണ്ടതാണ് ഒടുവില്‍ ടിക്കറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിലേക്ക് എത്തിച്ചത്. മടങ്ങുന്ന കസേരകള്‍ ഘടിപ്പിക്കാന്‍ ചെലവേറും എന്നതിനാല്‍ സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎ വിലകുറഞ്ഞ മടങ്ങാത്ത കസേരകള്‍ സ്ഥാപിച്ചുവെന്നാണ് ആക്ഷേപം.