കരുത്തുകാട്ടി ‘സീനിയേഴ്സും’; മക്കാവുവിനെ വീഴ്ത്തി ഏഷ്യൻ കപ്പ് യോഗ്യത

ഏഷ്യൻ കപ്പ് യോഗ്യതയ്ക്കായുള്ള ഇന്ത്യ–മക്കാവു മൽസരത്തിൽനിന്ന്.

ബെംഗളൂരു ∙ ഇന്ത്യയുടെ കൗമാര നിര ലോകകപ്പ് ഫുട്ബോളിലെ മികവാർന്ന പ്രകടനത്തിലൂടെ കയ്യടി നേടുമ്പോൾ സീനിയർ ടീമിന് മോശമാക്കാനൊക്കുമോ? ലോകകപ്പ് വേദിയിലെ ആദ്യ ‘ഇന്ത്യൻ ഗോളി’ന്റെ അലയൊലികൾ അടങ്ങും മുൻപേ മക്കാവുവിനെ 4–1നു വീഴ്ത്തി ഇന്ത്യൻ സീനിയർ ടീം 2019ൽ ദുബായിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിനു യോഗ്യത നേടി. തുടർച്ചയായ നാലാം വിജയത്തോടെ 12 പോയിന്റുമായാണ് ഇന്ത്യ യോഗ്യത ഉറപ്പാക്കിയത്.

ആദ്യ പകുതിയിൽ ഇരുടീമുകളും ഓരോ ഗോൾനേടി സമനില പാലിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി റൗളിൻ ബോർഗസ് (28), സുനിൽ ഛേത്രി (62), ജെജെ ലാൽപെഖൂലെ (90+2) എന്നിവർ ലക്ഷ്യം കണ്ടു. 70–ാം മിനിറ്റിൽ മക്കാവു താരം മാൻ ഫായ് ഹോ വഴങ്ങിയ സെൽഫ് ഗോളാണ് ഇന്ത്യൻ ഗോൾപട്ടിക നാലിലെത്തിച്ചത്. മക്കാവുവിന്റെ ആശ്വാസ ഗോൾ അൽമെയ്ഡ ടൊറാവോ (41) സ്വന്തമാക്കി.

ഏഷ്യൻ കപ്പ് യോഗ്യതയ്ക്കായുള്ള ഇന്ത്യ–മക്കാവു മൽസരത്തിൽനിന്ന്.

ജാക്കിചന്ദ് സിങ്ങിനെ പിൻവലിച്ച് ഫോമിലുള്ള ബൽവന്ത് സിങ്ങിനെ രണ്ടാം പകുതിയിൽ കളത്തിലിറക്കിയ കോച്ച് കോൺസ്റ്റൈന്റെ തന്ത്രമാണ് മൽസരത്തിൽ നിർണായകമായത്. ഇന്ത്യൻ മുന്നേറ്റങ്ങളിൽ നിർണായക സാന്നിധ്യമായി കളം നിറഞ്ഞ ബൽവന്ത് സിങ്ങാണ് മൽസരത്തിലെ ഹീറോയും. ലോകറാങ്കിങ്ങിൽ ഇന്ത്യ 107–ാം സ്ഥാനത്താണ്. മക്കാവു 182 ാം സ്ഥാനത്തും.

ഏഷ്യൻ കപ്പ് യോഗ്യതയ്ക്കായുള്ള ഇന്ത്യ–മക്കാവു മൽസരത്തിൽനിന്ന്.

മ്യാൻമർ, കിർഗിസ് ടീമുകൾക്കു പുറമെ മക്കാവുവിനെ അവരുടെ നാട്ടിലും ഇപ്പോൾ ബെംഗളൂരുവിലെ സ്വന്തം മണ്ണിലും തറപറ്റിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. 1984ലാണ് ഇതിനു മുൻപ് യോഗ്യതാ മൽസരങ്ങളിലൂടെ ഇന്ത്യ ഏഷ്യൻ കപ്പിനു യോഗ്യത നേടിയത്. 2011ൽ എഎഫ്സി ചലഞ്ച് കപ്പ് ചാംപ്യൻമാരെന്ന നിലയിലും ഏഷ്യൻ കപ്പിൽ പങ്കെടുത്തിരുന്നു.