‘അവളുടെ രാവുകൾ’ ഒരു ധൈര്യമാണ്; അത്രയും ‘ബോൾഡ്’ ആണ് ഐ.വി.ശശിയും

‘എ’ സർട്ടിഫിക്കറ്റിന്റെ അശ്ലീലതയിൽ ഒതുങ്ങിപ്പോകുമായിരുന്ന ഒരു ചിത്രം; സിനിമയുടെ ചരിത്രം ‘അവളുടെ രാവു’കളെ അങ്ങനെ രേഖപ്പെടുത്തേണ്ടതായിരുന്നു. പക്ഷേ മലയാളത്തിന്റെ ചലച്ചിത്രചരിത്രം തന്നെ മാറ്റിക്കുറിച്ച ഒരാളായിരുന്നു ആ ചിത്രത്തിന്റെ സംവിധായകൻ. അതിനാൽത്തന്നെ ഇന്നും മലയാളത്തിലെ എണ്ണംപറഞ്ഞ ചിത്രങ്ങളിലൊന്നായി നിലകൊള്ളുന്നു ‘അവളുടെ രാവുകൾ’. സംവിധായകൻ ഐ.വി.ശശി നമ്മോടു വിട പറഞ്ഞു യാത്രയായെങ്കിലും ഓർമയുടെ റീലുകളിലാക്കി അദ്ദേഹം സമ്മാനിച്ച വിസ്മയനിമിഷങ്ങൾ ഇനിയും എത്രയോ കാലം പ്രേക്ഷകനിൽ നിറഞ്ഞോടും.

മുഖ്യധാരാ സംവിധായകരെല്ലാം ‘നോ’ പറഞ്ഞു പിന്മാറിയിരുന്ന വിഷയമായിരുന്നു ‘അവളുടെ രാവുകൾ’ പറഞ്ഞത്; ഒരു വേശ്യയുടെ ജീവിതകഥ. പിന്നെയും എന്തുകൊണ്ടാണ് അത്തരമൊരു സിനിമയോട് ‘യെസ്’ പറഞ്ഞതെന്ന് പലരും ഐ.വി.ശശിയോടു ചോദിച്ചിട്ടുണ്ട്. അതിന് അദ്ദേഹം നൽകിയ ഉത്തരം ഇങ്ങനെ: ‘അത്തരത്തിൽ വലിയൊരു റിസ്‌ക് ആയിരുന്നു ‘അവളുടെ രാവുകൾ’. അന്നുവരെ പറയാത്ത രീതിയിലുള്ള ചിത്രം. അത്തരമൊരു ചിത്രമെടുക്കാൻ എനിക്കു ഭയമില്ലായിരുന്നു. അതൊണെന്റെ രീതി. ഇന്നു തിരിഞ്ഞുനോക്കുമ്പോൾ എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രവും അതാണ്...’ എ സർട്ടിഫിക്കറ്റുള്ള ചിത്രം എന്നതിൽ നിന്നു മാറി മലയാളത്തിലെ ‘ബോൾഡ്’ സിനിമകളുടെ ഗണത്തിലേക്കാണ് അവളുടെ രാവുകളെ ഐ.വി.ശശി കൈപിടിച്ചു നയിച്ചത്.

കരുത്തുറ്റ വിഷയങ്ങളും ആരും കൈവയ്ക്കാൻ മടിക്കുന്ന മേഖലകളും ആരും കടന്നുചെല്ലാൻ ഇഷ്ടപ്പെടാത്ത ഇടങ്ങളുമെല്ലാം സിനിമയോടു ചേർത്തു നിർത്തിയപ്പോൾ ചലച്ചിത്രലോകവും പറഞ്ഞു: ‘ഐ.വി.ശശിയും ‘ബോൾഡ്’ ആണ്...’ ഇന്ന് ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ന്യൂജനറേഷൻ, നവതരംഗ വക്താവ് എന്നൊക്കെയാണു പേര്. എന്നാൽ മലയാളത്തിനു നവതരംഗത്തിന്റെ ഭാവുകത്വം സമ്മാനിച്ചത് ഐ.വി.ശശിയാണെന്നത് ആരും പറഞ്ഞറിയിക്കാതെ തന്നെ സുവ്യക്തം.

കൊട്ടകകൾ ഉത്സവപ്പറമ്പായപ്പോൾ...

വീട്ടുകാരോടു പോലും പറയാതെ പലചരക്കു കടക്കാരനിൽ നിന്നു കടംവാങ്ങിയ 50 രൂപയുമായി മദ്രാസിലേക്കു ട്രെയിൻ കയറുമ്പോൾ മനസ്സിൽ സിനിമയുണ്ടായിരുന്നില്ല. പക്ഷേ ചിത്രകാരനായ ഐ.വി.ശശിയെ കോടമ്പാക്കത്തു കാത്തിരുന്നത് കലാ സംവിധായകൻ എന്ന കുപ്പായമായിരുന്നു. ആദ്യചിത്രത്തിന്റെ കലാസംവിധാനം കഴിഞ്ഞ് സഹോദരനെ വിളിച്ച് ‘എങ്ങനെയുണ്ട് ചിത്രത്തിന്റെ സെറ്റ്’ എന്നു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: ‘സെറ്റോ, അതെവിടെയാണ്...?’ സെറ്റാണെന്നു പോലും തിരിച്ചറിയാനാകാത്ത വിധം സിനിമയ്ക്കു പശ്ചാത്തലമൊരുക്കിയതിന് ശശിക്കു ലഭിച്ച ആദ്യത്തെ അനുമോദനവും അതായിരുന്നിരിക്കണം.

പിന്നീട് പതിയെ സംവിധാനത്തിലേക്ക്. സഹസംവിധായകനായി മറ്റുള്ളവർക്കു വേണ്ടി സിനിമകളെടുത്ത് അവ ഹിറ്റായി നിൽക്കുന്ന കാലത്താണ് മുരളി ഫിലിംസിന്റെ രാമചന്ദ്രൻ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന നിർദേശവുമായി വരുന്നത്. സ്വന്തം പേരു വച്ച് സിനിമയെടുക്കാൻ ധൈര്യമില്ലെന്നു തുറന്നു സമ്മതിച്ചു. പക്ഷേ പല സംവിധായകരേക്കാളും മികച്ചതാണ് നിന്റെ രീതിയെന്ന രാമചന്ദ്രന്റെ ധൈര്യം പകരുന്ന വാക്കുകളിൽ നിന്നാണ് ‘ഉത്സവം’ എന്ന ചിത്രത്തിന്റെ പിറവി. ഷെരീഫ് എഴുതിയ ഒരു നോവലെറ്റായിരുന്നു ചിത്രത്തിന്റെ കഥ. കായലിനു നടുവിൽ കുടിവെള്ളം ഇല്ലാതെ ഉഴലുന്ന ഒരു ഗ്രാമത്തിന്റെ കഥ. കെ.പി.ഉമ്മർ നായകനായെത്തി, റാണി ചന്ദ്ര നായികയും. കടംവാങ്ങിയും കഷ്ടപ്പെട്ടുമാണ് ‘ഉത്സവം’ തിയറ്ററിലെത്തിച്ചത്. ആദ്യദിവസങ്ങളിൽ ആളു കമ്മി. പക്ഷേ അദ്ഭുതമായി ഏതാനും ദിവസങ്ങൾക്കകം തിയറ്ററിലേക്ക് പ്രേക്ഷകന്റെ കുത്തൊഴുക്ക്. പിന്നീടങ്ങളോട്ട് കേരളത്തിന്റെ കൊട്ടകകളെ ഉത്സവപ്പറമ്പുകളാക്കി മാറ്റുകയായിരുന്നു ഐ.വി.ശശി എന്ന ട്രെൻഡ് സെറ്റർ

നായകനോ അതോ വില്ലനോ?

പൗഡറിട്ടു മിനുക്കിയ സുന്ദരമുഖങ്ങൾ നമ്മുടെ സിനിമയുടെയും ‘മുഖശ്രീ’യായി നിന്നിരുന്ന കാലത്താണ് കാറ്റുപിടിച്ച കഥകളും കരുത്തുറ്റ മുഖങ്ങളുമായി ഐ.വി.ശശി മലയാളത്തിൽ നവതരംഗത്തിന്റെ വഴിവെട്ടുന്നത്. മനോഹരമായ കയ്യക്ഷരത്തിൽ എഴുതിയ അക്ഷരമാല പോലെ ‘അ’യിൽ നിന്നു തുടങ്ങുകയായിരുന്നു പിന്നെ സിനിമയുടെ ഉത്സവകാലം. 1976ൽ രണ്ടാമത്തെ ചിത്രം അനുഭവം പിന്നെ ആലിംഗനം, അയൽക്കാരി, അഭിനന്ദനം എന്നിങ്ങനെ നാലു ചിത്രങ്ങള്‍. തൊട്ടടുത്ത വർഷം ‘ആശിർവാദ’ത്തിൽ തുടങ്ങി ‘ഇതാ ഇവിടെ വരെ’യും കടന്ന് ‘ഊഞ്ഞാലി’ലെത്തി നിന്ന 12 സിനിമകൾ. വർഷത്തിൽ പത്തിലേറെ സിനിമകൾ അതിലേറെയും സൂപ്പർ ഹിറ്റുകൾ. മലയാള സിനിമയിൽ നായകന്മാരുടെ മുഖത്തിനു പകരം സംവിധായകന്റെ പേരു നോക്കി പ്രേക്ഷകൻ തിയേറ്ററിലേക്കൊഴുകാനും തുടക്കമിട്ടത് ഐ.വി.ശശിയായിരുന്നു.

കമൽഹാസനും മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം തകർപ്പൻ കഥാപാത്രങ്ങളായി നിറഞ്ഞാടിയിട്ടും ചിത്രങ്ങളെ ജനം വാഴ്ത്തിയത് ‘ഐ.വി.ശശിയുടെ സിനിമ’ എന്ന വിശേഷണത്തോടെയായിരുന്നു. 1978ലാണ് അവളുടെ രാവുകളുടെ വരവ്. അതേ വർഷം തന്നെ ഈറ്റയും എത്തി. ‘ഇനിയും പുഴയൊഴുകും’ എന്ന സിനിമയുടെ പേരു പോലെത്തന്നെ ഇനിയും ഹിറ്റുകളൊഴുകും എന്നതിന്റെ സൂചനയായിരുന്നു ശശി നൽകിയത്. വില്ലനെപ്പോലെ മുഖമുള്ള നായകന്മാർ മലയാളസിനിമയുടെ തന്നെ മുഖമായി മാറുകയായിരുന്നു. ജീവിതത്തോടു പടവെട്ടുന്നവരായിരുന്നു അദ്ദേഹത്തിന്റെ നായകന്മാർ. മീൻപിടിത്തക്കാരും ഈറ്റവെട്ടുകാരും ചുമട്ടുതൊഴിലാളികളും ലോറി ഡ്രൈവർമാരുമെല്ലാം അങ്ങനെ സിനിമയിലെ സൂപ്പർസ്റ്റാറുകളായി. സാധാരണക്കാരന്റെ ജീവിതത്തിലും ഒരു അസാധാരണത്വം കണ്ടെത്തി അതിനെ വെള്ളിവെളിച്ചത്തിന്റെ തിളക്കത്തിൽ ഹിറ്റാക്കി മാറ്റി ഐ.വി.ശശി. ഇവർക്കു പശ്ചാത്തലമൊരുക്കിയതാകട്ടെ അധോലോകവും രാഷ്ട്രീയത്തിന്റെ പടനിലവും കാടും കടലുമെല്ലാമായിരുന്നു. ഐ.വി.ശശിയിലൂടെ കേരളം ഒന്നാന്തരം രാഷ്ട്രീയ സിനിമകൾക്കും സാക്ഷ്യം വഹിച്ചു തുടങ്ങി.

സൂപ്പ‍ർസ്റ്റാറുകളുടെ ‘നിർമാതാവ്’

സാധാരണക്കാരന്റെ വിയർപ്പൊഴുകുന്ന കഥകളിലൂടെ കലാമൂല്യത്തിന് ഇടിവു തട്ടാതെ തന്നെ കച്ചവടസിനിമയുടെ രസക്കൂട്ടുകളും പ്രേക്ഷകനായി അദ്ദേഹം കാത്തു വച്ചു. സാധാരണക്കാരുടെ ‘വേഷം’ കെട്ടി ഐ.വി.ശശിയുടെ സിനിമകളിൽ മികവുറ്റ അഭിനയ മുഹൂർത്തങ്ങൾ കാഴ്ച വച്ച നടീനടന്മാരെല്ലാം തന്നെ പിന്നീട് സൂപ്പർസ്റ്റാറുകളാകുന്നതും നാം കണ്ടു. ‘മൃഗയ’യുടെ കഥ പറയാൻ ലോഹിതദാസ് വരുമ്പോൾ തിരക്കിട്ട ഷൂട്ടിലായിരുന്നു ശശി. ഇടവേളയിലാണ് ലോഹിതദാസിനോടു പറഞ്ഞത്: ‘സമയമില്ല, ഒറ്റവാക്യത്തിൽ കഥ പറയാമോ?’

ലോഹിതദാസ് പറഞ്ഞു: ഒരു ഗ്രാമം. കാടിനടുത്താണ്. അവിടെ പുലി ഇറങ്ങി ശല്യമാണ്. അതിനെ വെടിവയ്ക്കാൻ ഒരാൾ വരുന്നു. അയാൾ പിന്നെ പുലിയേക്കാൾ വലിയ ശല്യമായി മാറുന്നു’. ശശി പിന്നോടൊരു അഭിമുഖത്തിൽ പറഞ്ഞു: ‘അയാൾ പിന്നെ പുലിയേക്കാൾ വലിയ ശല്യമായി മാറുന്നു’ എന്ന ഒരൊറ്റ വാചകത്തിന്റെ ബലത്തിലാണ് മൃഗയ ചെയ്യുന്നതെന്ന്. കാരണം അതിൽ ആ സിനിമ മുഴുവനുമുണ്ടായിരുന്നു. ‘മൃഗയ’യിൽ വാറുണ്ണിയായെത്തിയ മമ്മൂട്ടി പിന്നെ ഉന്നംപിടിച്ചിട്ടത് മലയാളസിനിമയിലെ സ്റ്റാർ പദവിയാണ്. ‘തൃഷ്ണ’ എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ അഭിനയപാടവം മലയാളത്തിനു പരിചയപ്പെടുത്തിയിരുന്നു ഐ.വി.ശശി. 1984ൽ ‘ഉയരങ്ങളിൽ’ എന്ന ചിത്രത്തിൽ നായകനാക്കാനുള്ള ധൈര്യവും കാണിച്ചു. പിന്നെയും അഞ്ചു വർഷം കഴിഞ്ഞാണ് ‘മൃഗയ’ പുറത്തിറങ്ങുന്നത്.

മോഹൻലാലിന്റെ ചലച്ചിത്രജീവിതത്തെ തന്നെ വഴിമാറ്റിവിട്ട ‘ദേവാസുര’ത്തെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ! ലാലിനോട് ഒരു പ്രത്യേക ഇഷ്ടവുമുണ്ട് ഐ.വി.ശശിക്ക്. അക്കാര്യം ഒരു അഭിമുഖത്തിൽ അദ്ദേഹം സമ്മതിച്ചതുമാണ്: ‘നമുക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്ന ഒരു പെരുമാറ്റരീതിയാണ് മോഹൻലാലിന്റേത്. ഒരു ഷോട്ട് എടുക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ നമ്മളെക്കൂടി ഇൻസ്പയർ ചെയ്യുന്ന വിധത്തിലാണ് അദ്ദേഹം പെരുമാറുന്നത്. അത് കംഫർട്ടാണ്. ഒരു കാര്യം ചെയ്യണമെന്നു പറഞ്ഞാൽ ഇഷ്ടമായില്ലെങ്കിൽ അതുവേണോ എന്നു ചോദിക്കും. അതു പറയാനുള്ള ഒരടുപ്പമുണ്ട്; സ്വാതന്ത്ര്യവും.

മറ്റുള്ള ആർട്ടിസ്റ്റുകളാണെങ്കിൽ തോന്നുന്നതു തുറന്നു പറയില്ല. അവരതു മനസ്സിൽ വച്ച് പെരുമാറുകയോ മറ്റുള്ളവരോട് പറയുകയോ ചെയ്യും. അതെനിക്കിഷ്ടമല്ല...’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പ്രേംനസീർ, സുകുമാരൻ, മധു, സോമൻ, കമൽഹാസൻ, ജയൻ, മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, ശ്രീവിദ്യ, സീമ, ശ്രീദേവി തുടങ്ങി ഐ.വി.ശശിയുടെ സംവിധാനത്തിനു കീഴെ പാടവം തെളിയിച്ച സൂപ്പർതാരങ്ങൾ എത്രയോ ഏറെ. ഐ.വി.ശശിയുടെ ഡേറ്റിനായി വീടിനു മുന്നിൽ നിർമാതാക്കൾ കാവൽ കിടന്നിരുന്ന കാലവുമുണ്ടായിട്ടുണ്ട്.

അനുഭവം, ഇതാ ഇവിടെ വരെ, അവളുടെ രാവുകൾ, അങ്ങാടി, കരിമ്പന, ഈനാട്, ഇണ, സിന്ദൂര സന്ധ്യക്ക് മൗനം, ആരൂഢം, നാണയം, ആൾക്കൂട്ടത്തിൽ തനിയെ, കാണാമറയത്ത്, കരിമ്പിൻ പൂവിനക്കരെ, വാർത്ത, ആവനാഴി, അടിമകൾ ഉടമകൾ, നാൽക്കവല, 1921, മുക്തി, മൃഗയ, ഇൻസ്പെക്ടർ ബൽറാം, ദേവാസുരം, വർണ്ണപ്പകിട്ട്...നൂറ്റി അറുപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് ഐ.വി.ശശി. ഒടുവിൽ, ഈ ജീവിതം ഇതാ ഇവിടെ വരെയെന്നു പറയാതെ പറഞ്ഞു യാത്രയാകുമ്പോൾ മലയാളത്തിന്റെ മനസ്സിൽ ബാക്കിയാകുന്നതും ആ ധന്യതയാർന്ന ചലച്ചിത്രനിമിഷങ്ങളാണ്...ഇനിയും മലയാള സിനിമ ഒരൊറ്റയാനെപ്പോലെ ഓർക്കും ഈ ചലച്ചിത്ര ഇതിഹാസത്തെ. സിനിമയെ ജീവിതമാക്കിയ, സാധാരണ ജീവിതങ്ങളെ അസാധാരണ സിനിമകളാക്കിയ ഒരാള്‍. ‘ഇതാ ഒരു മനുഷ്യൻ’ എന്ന അദ്ദേഹത്തിന്റെ സിനിമയുടെ പേരുപറഞ്ഞു തന്നെയിരിക്കും വരുംതലമുറയ്ക്കു നാം അദ്ദേഹത്തെ പരിചയപ്പെടുത്തുക. ഒരു കൂട്ടിച്ചേർക്കലുണ്ടാകുമെന്നു മാത്രം: ‘ഇതാ ഒരു അസാധാരണ മനുഷ്യൻ’