ന്യൂഡൽഹി∙ സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ ആനി രാജയ്ക്കു പൊലീസ് മർദനം. കത്പുട്‌ലി ഗ്രാമത്തിലെ ഒഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച മഹിളാ ഫെഡറേഷൻ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. ആനി രാജ, മഹിളാ ഫെഡറേഷൻ ഡൽഹി ജനറൽ സെക്രട്ടറി ഫിലോമിന ജോൺ എന്നിവരുൾപ്പെടെയുള്ളവർ പരുക്കേറ്റ് ആശുപത്രിയിലാണ്.
ശരീരത്തിൽ ചവിട്ടുകയും ലാത്തി ഉപയോഗിച്ചു മർദിക്കുകയും ചെയ്തതായി ആനി രാജ പറഞ്ഞു. ബോധരഹിതയായി വീണ ആനി രാജയെ പ്രദേശവാസികൾ ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൈയ്ക്കും കാലിനും മറ്റും പരുക്കേറ്റ ഇവർ റാംമനോഹർ ലോഹ്യ (ആർഎംഎൽ) ആശുപത്രിയിൽ ചികിത്സയിലാണ്.
ബംഗാൾ, ബിഹാർ, ആന്ധ്രാ പ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നാലായിരത്തിലേറെ കലാകാരൻമാർ കഴിയുന്ന പ്രദേശമാണിത്. ഈ കോളനി ഡൽഹി ഡവലപ്മെന്റ് അതോറിറ്റി (ഡിഡിഎ) ഏറ്റെടുക്കാൻ തീരുമാനിച്ചു. പകരം സ്ഥലം അനുവദിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും അന്തേവാസികൾ പ്രതിഷേധത്തിലായിരുന്നു. കോളനി നിവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിപിഐയും രംഗത്തെത്തി.
റിയൽ എസ്റ്റേറ്റ് കമ്പനികളെ സഹായിക്കുന്ന നിലപാടാണു ഡിഡിഎയും പൊലീസും സ്വീകരിക്കുന്നതെന്നു ആനി രാജ വ്യക്തമാക്കി. ഏഴു പതിറ്റാണ്ടിലേറെയായി ഇവിടെ കഴിയുന്ന കലാകാരൻമാരെയാണ് ഒഴിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത് കലാകാരൻമാരുടെ വരുമാന മാർഗം ഇല്ലാതാകും. ഇക്കാര്യം അധികൃതർ ഗൗനിക്കുന്നില്ലെന്നു സിപിഐ ദേശീയ നേതൃത്വം ആരോപിച്ചു.
പ്രതിഷേധക്കാരെ അമർച്ച ചെയ്യാൻ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. ആനി രാജ ഉൾപ്പെടെ നിരവധി സാമൂഹ്യ പ്രവർത്തകർ പ്രതിഷേധക്കാർക്കൊപ്പം ചേർന്നു. കോളനിയിൽ തകരഷെഡ് മറച്ചു സ്ഥാപിച്ച വീടുകൾ അടക്കമുള്ളവ പൊളിച്ചുമാറ്റാനാണ് ഡിഡിഎ സംഘം തീരുമാനിച്ചത്. ഷെഡുകൾ പൊളിച്ചുമാറ്റിയ സ്ഥലത്ത് ബഹുനില കെട്ടിടം നിർമിച്ചു നൽകുമെന്നാണ് അധികൃതരുടെ വാഗ്ദാനം.