ന്യൂഡൽഹി∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് മറികടന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി വീണ്ടും ഐസിസി ഏകദിന റാങ്കിങിൽ ഒന്നാമത്. ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്സ് പിടിച്ചടക്കിയ സ്ഥാനം വെറും പത്തു ദിവസത്തിനുള്ളിൽ തിരിച്ചുപിടിച്ചാണ് കോഹ്‍ലി വീണ്ടും ഒന്നാമതെത്തിയത്.
ഏകദിന റാങ്കിങ്ങിൽ 889 പോയിന്റാണ് ഇന്ത്യൻ നായകനു നിലവിലുള്ളത്. ഒരു ഇന്ത്യന്‍ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയര്‍ന്ന പോയിന്റാണിത്. 1998ൽ സച്ചിൻ തെൻഡുൽക്കര്‍ നേടിയ 887 പോയിന്റെന്ന റെക്കോർഡും കോഹ്‍ലി ഇതോടെ മറികടന്നു.
ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ 263 റൺസാണ് മൂന്നു കളികളില്‍ നിന്ന് കോഹ്‌ലി അടിച്ചുകൂട്ടിയത്. അവസാന ഏകദിനത്തിലും മികച്ച പ്രകടനം കാഴ്ചവച്ച കോഹ്‍ലി 32–ാം ഏകദിന സെഞ്ചുറിയും നേടി.
മറ്റൊരു ഇന്ത്യൻ താരമായ രോഹിത് ശർമ 799 പോയിന്റോടെ പട്ടികയിൽ ഏഴാമതാണ്. മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണി പതിനൊന്നാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറ മാത്രമാണ് ബോളിങ്ങിൽ ആദ്യ പത്തിലുള്ള ഇന്ത്യൻ താരം.