തിരുവനന്തപുരം ∙ ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മൽസരത്തിൽ ആതിഥേയരായ കേരളത്തിനു തകർപ്പൻ ജയം. കേരളം ഉയർത്തിയ 238 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ജമ്മു കശ്മീർ 79 റൺസിനു പുറത്തായി, കേരളത്തിന് 158 റൺസിന്റെ ജയം. സ്കോർ കേരളം: 219, 191. ജമ്മു കശ്മീർ 173, 79. മൂന്നാം ദിനം കളിനിർത്തുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 56 റൺസ് എന്ന നിലയിലായിരുന്നു ജമ്മു കശ്മീർ.
നേരത്തെ ജാര്‍ഖണ്ഡിനെയും രാജസ്ഥാനെയും തോല്‍പിച്ച കേരളം മൂന്നാം വിജയത്തോടെ നോക്കൗട്ട് പ്രതീക്ഷയും സജീവമാക്കി. നാലു കളികളില്‍ മൂന്നു വിജയം ഉള്‍പ്പെടെ 16 പോയിന്റായി കേരളത്തിന്. ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കു മാത്രമേ അടുത്ത ഘട്ടത്തിലേക്കു മുന്നേറാനാകൂ. നാലു കളികളില്‍ നിന്ന് മൂന്നു പോയിന്റോടെ ഗ്രൂപ്പില്‍ ആറാംസ്ഥാനത്തുള്ള ജമ്മു കശ്മീരിന്റെ സാധ്യതകൾ ഏതാണ്ട് അസ്തമിക്കുകയും ചെയ്തു.
മൂന്നാം ദിനത്തിന്റെ അവസാന സെഷനിൽ മഴയും വെളിച്ചക്കുറവും മൂലം ഏതാനും ഓവറുകൾ നഷ്ടപ്പെട്ടതാണ് മൽസരം നാലാം ദിനത്തിലേക്ക് നീട്ടിയത്. ക്യാപ്റ്റൻ പർവേസ് റസൂൽ (29 പന്തിൽ 17), പ്രണവ് ഗുപ്ത (88 പന്തിൽ 11) എന്നിവർക്കു മാത്രമേ ജമ്മു നിരയിൽ രണ്ടക്കം കടക്കാനായുള്ളൂ. അഹമ്മദ് ഒമർ (ആറ്), ശുഭം ഖജൂരിയ (ഒന്ന്), ഇയാൻ ചൗഹാൻ (0), ബൻദീപ് സിങ് (നാല്), റാം ദയാൽ (ഒൻപത്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
കേരളത്തെ കശക്കിയെറിഞ്ഞ് പർവേസ് റസൂൽ
നേരത്തെ രണ്ടാം ഇന്നിങ്സിലും ജമ്മു ക്യാപ്റ്റൻ പർവേസ് റസൂലിനു മുന്നിൽ തകർന്ന കേരളം 191 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. അർധസെഞ്ചുറി നേടിയ രോഹൻ പ്രേമാണ് കേരളത്തിന്റെ ടോപ്സ്കോറർ. 149 പന്തിൽ ഏഴു ബൗണ്ടറികൾ ഉൾപ്പെടെ രോഹൻ 58 റൺസെടുത്തു. 78 പന്തിൽ മൂന്നു ബൗണ്ടറികൾ ഉൾപ്പെടെ 36 റൺസെടുത്ത അരുൺ കാർത്തിക്, 51 പന്തിൽ മൂന്നു ബൗണ്ടറികളോടെ 32 റൺസെടുത്ത സൽമൻ നിസാർ എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
വിഷ്ണു വിനോദ് (22 പന്തിൽ 20), ജലജ് സക്സേന (54 പന്തിൽ 19), സഞ്ജു സാംസൺ (രണ്ട്), സച്ചിൻ ബേബി (0), ബേസിൽ തമ്പി (ഏഴ്), അക്ഷയ് ചന്ദ്രൻ (ഒന്ന്), എം.ഡി. നിധീഷ് (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. സിജോമോൻ ജോസഫ് രണ്ടു റൺസോടെ പുറത്താകാതെ നിന്നു. ജമ്മു കശ്മീരിനായി ക്യാപ്റ്റൻ പർവേസ് റസൂൽ 28 ഓവറിൽ 70 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. മൽസരത്തിലാകെ റസൂലിന് ഇതോടെ 11 വിക്കറ്റുകളായി. ആമിർ അസീസ് മൂന്നും റാം ദയാൽ, ബൻദീപ് സിങ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.