മുംബൈ ∙ ഐഎസ് ഭീകരരുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് അസംഗാവ് സ്വദേശി അബു സയിദ് ആണ് പിടിയിലായത്. സൗദി അറേബ്യയിൽ നിന്നും വന്നിറങ്ങിയ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ ഐഎസ് ഭീകരരുമായി ബന്ധമുള്ള നാലു യുവാക്കൾ യുപിയിൽ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അബു സയിദിനു സൗദിയിലെ ഐഎസ് കേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. തുടർന്ന് യുപി പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് അറസ്റ്റ്.