കൊച്ചി∙ മൂന്നു വര്‍ഷത്തേക്ക് അവാര്‍ഡ് നിശകളില്‍ സിനിമാ താരങ്ങള്‍ പങ്കെടുക്കുന്നത് തടയണമെന്ന ഫിലിം ചേംബറിന്റെ നിര്‍ദേശത്തില്‍ തീരുമാനമായില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ വിളിച്ചുചേര്‍ത്ത നിര്‍മാതാക്കളുടെയും താരങ്ങളുടെയും തിയറ്റര്‍ ഉടമകളുടെയും യോഗം തീരുമാനമാകാതെ പിരിഞ്ഞു. വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്നു താരസംഘടന അമ്മ നിലപാടെടുത്തു.
ചാനല്‍ പ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും തമ്മില്‍ പരസ്പര സഹകരണം ആവശ്യമാണെന്നായിരുന്നു അമ്മയുടെ നിലപാട്. ഫിലിം ചേംബറിന്റെ നിര്‍ദേശം അതാതു സംഘടനകളില്‍ ചര്‍ച്ച ചെയ്തശേഷം തീരുമാനം അറിയിക്കാമെന്ന ധാരണയിലാണു യോഗം പിരിഞ്ഞത്. വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും വേണ്ടത്ര പ്രധാന്യം ലഭിക്കാത്തതിനാല്‍ ഇനിമുതല്‍ ടെലിവിഷന്‍ അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്നു ഫിലിം ചേംബര്‍ ആവശ്യപ്പെട്ടിരുന്നു.