ഗുവാഹത്തി∙ ഐഎസ്എല്ലിൽ ഗോൾ വരൾച്ച തുടരുന്നു; നാലാം സീസണിലെ രണ്ടാം മത്സരവും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഗുവാഹത്തി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ്– ജാംഷെഡ്പുർ എഫ്സി മത്സരമാണ് ഗോളൊന്നും പിറക്കാതെ അവസാനിച്ചത്.
പരിചയ സമ്പന്നരായ നോർത്ത് ഈസ്റ്റിനു മുന്നിൽ ആദ്യം പതറിയ ജാംഷെഡ്പുർ പക്ഷേ മത്സരത്തിലേക്കു തിരിച്ചെത്തി പുറത്തെടുത്തത് മികച്ച പ്രകടനം. 4–2–3–1 ഫോർമേഷനിലായിരുന്നു ഇരുടീമുകളും കളത്തിലിറങ്ങിയത്. മലയാളികളുടെ പ്രിയപ്പെട്ട സ്റ്റീവ് കോപ്പലിന്റെ ശിക്ഷണത്തിൽ കളത്തിലിറങ്ങിയ ജാംഷെഡ്പുർ എഫ്സിക്കു കളിയുടെ ആരംഭത്തിൽ പക്ഷേ തുടക്കക്കാരുടെ പതർച്ച മറച്ചു വയ്ക്കാനായില്ല.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽത്തന്നെ ജാംഷെഡ്പുറിനെ വിറപ്പിച്ച മുന്നേറ്റവുമുണ്ടായി. ഗോളെന്നുറപ്പിച്ച നീക്കം പക്ഷേ മാർസീഞ്ഞോ ക്രോസ്ബാറിനു മുകളിലേക്കടിച്ച് കളഞ്ഞുകുളിച്ചു. തുടർന്ന് ആക്രമിച്ചു കളിച്ച നോർത്ത് ഈസ്റ്റിനെതിരെ പതിയെപ്പതിയെ മികച്ച പ്രതിരോധമുയർത്താനും ജാംഷെഡ്പുറിനായി.
മത്സരം മുന്നേറവേ കോപ്പലാശാൻ ശിഷ്യന്മാരും ആക്രമണ ശൈലിയിലേക്കു മാറുന്ന കാഴ്ചയാണു കണ്ടത്. ട്രിനിഡാഡെയെയും ഇസു അസുകയെയും മുൻനിർത്തിയായിരുന്നു ജാംഷെഡ്പുറിന്റെ മുന്നേറ്റം. ഒന്നാം പകുതിക്കു തൊട്ടുമുൻപ് അസുകയുടെ ഒരു മുന്നേറ്റം ഗോളായെന്നുറപ്പിച്ചതാണ്. എന്നാൽ ഗോളി ടി.പി. രെഹ്നേഷിനു മുന്നിൽ ആ നീക്കം വിഫലമായതോടെ ഗോളൊന്നുമില്ലാതെ ഒന്നാംപകുതി അവസാനിച്ചു.
കൂടുതൽ അക്രമണോൽസുകരായ നോർത്ത് ഈസ്റ്റിനെയാണ് കളിയുടെ രണ്ടാം പകുതിയിൽ കണ്ടത്. തുടരെത്തുടരെ ജാംഷെഡ്പുറിന്റെ ഗോൾമുഖത്തേക്ക് മുന്നേറ്റങ്ങളുണ്ടായിക്കൊണ്ടേയിരുന്നു. എന്നാൽ ഗോൾ കീപ്പർ സുബ്രതാ പാലിനു മുന്നിൽ എല്ലാം നിഷ്ഫലം. പക്ഷേ 64–ാം മിനിറ്റിൽ സുബ്രതാ പോലും നിസ്സഹായനായിപ്പോയ നിമിഷത്തിലും ഭാഗ്യം ജാംഷെഡ്പുറിനൊപ്പം നിന്നു. 66–ാം മിനിറ്റിലെ ഡാനിലോയുടെ ഗോൾ നീക്ക മുന്നേറ്റത്തിന് വീണ്ടും സുബ്രതായുടെ ഇടപെടൽ രക്ഷയായി.
അവസാന മിനിറ്റിൽ ആന്ദ്രെ ബിക്കെയെ ഇറക്കിയെങ്കിലും അധികനേരം കളത്തിൽ നിറയാനായില്ല. ലൂയി േപസിനെ ഫൗൾ ചെയ്തതിനു ചുവപ്പു കാർഡ് കണ്ട് എഴുപത്തിയേഴാം മിനിറ്റിൽ പുറത്ത്. ബിക്കെ മൈതാനം വിട്ടതോടെ പിന്നീട് പ്രതിരോധത്തിലൂന്നിയായി ജാംഷെഡ്പുറിന്റെ കളി. അവസാന നിമിഷങ്ങളിൽ കനത്ത മുന്നേറ്റങ്ങൾ നോർത്ത് ഈസ്റ്റിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും പ്രതിരോധത്തിൽ തട്ടി അവസരങ്ങളെല്ലാം നഷ്ടമാവുകയായിരുന്നു. സമനിലയെത്തുടർന്ന് ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.