ന്യൂഡൽഹി∙ രാജ്യത്തെ ഗ്രാമീണ മേഖലകളിലെ ശോചനീയാവസ്ഥ തുറന്നുകാണിച്ച് പുതിയ റിപ്പോർട്ട്. ഏഴു മാസത്തിനിടെ ഇന്ത്യയിൽ പാമ്പുകടിയേറ്റത് 1.14 ലക്ഷം പേർക്ക്; മരിച്ചത് 49,000 ആളുകൾ. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പാമ്പുകടിയേറ്റവർ – 24,437. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പഠനറിപ്പോർട്ട് പുറത്തുവിട്ടത്.
ആകെ കേസുകളിൽ 94,874 എണ്ണം റിപ്പോർട്ട് ചെയ്തതു ഗ്രാമങ്ങളിൽ നിന്നാണ്. ഏപ്രിൽ ഒന്നിനും ഒക്ടോബർ 31നും ഇടയിലുള്ള കണക്കാണിത്. മഹാരാഷ്ട്ര കഴിഞ്ഞാൽ തൊട്ടടുത്ത് ബംഗാളാണ്– 23,666 കേസുകൾ. ആന്ധ്രാപ്രദേശ് (10,735), ഒഡിഷ (7,657), കർണാടക (7,619), ഉത്തർ പ്രദേശ് (6,976), തമിഴ്നാട് (4,567), തെലങ്കാന (4,079) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്. മഹാരാഷ്ട്രയിൽ 19,012 കേസുകൾ ഗ്രാമങ്ങളിലും 5,425 എണ്ണം നഗരങ്ങളിലുമാണ്. സംസ്ഥാനത്തെ നഗരങ്ങളിൽ 2,696 കേസുകളുമായി നാസിക്കാണ് മുന്നിൽ. 133 കേസുമായി മുംബൈയാണു പിന്നിൽ. താരതമ്യേന കുറവായതിനാൽ കേരളം പട്ടികയിലില്ല.
പാമ്പുകടി വർധിക്കാനുള്ള കാരണങ്ങൾ
തുറന്ന സ്ഥലത്തെ മലമൂത്ര വിസർജനം, തറയിലെ ഉറക്കം, വെളിച്ചക്കുറവ്, അശാസ്ത്രീയ മാലിന്യനിർമാർജനം, വൃത്തിയില്ലായ്മ, പരിമിതമായ ആരോഗ്യസംവിധാനം, അറിവില്ലായ്മ തുടങ്ങിയവയാണ് പാമ്പുകടിയും മരണങ്ങളും കൂടാൻ കാരണം. എയ്ഡ്സ്, പോളിയോ എന്നിവയ്ക്കെതിരെ നടന്ന പോലെ ദേശീയ പ്രതിരോധം പാമ്പുകടിയ്ക്കെതിരെയും വേണമെന്ന് ഡോക്ടർമാരും വിദഗ്ധരും ആവശ്യപ്പെടുന്നു.
‘ഭയപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. ഏതൊക്കെ പാമ്പുകളാണ് വിഷമുള്ളതെന്നും വിഷമില്ലാത്തതെന്നും ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് അറിവുണ്ടായിരിക്കണം’– നാഷനൽ പോയിസൻസ് ഇൻഫർമേഷൻ സെന്റർ അധ്യക്ഷൻ ഡോ. വൈ.കെ.ഗുപ്ത പറഞ്ഞു. ഗ്രാമങ്ങളിൽ കൂടുതൽ ആശുപത്രികളും വിദഗ്ധരായ ഡോക്ടർമാരും ആവശ്യത്തിനു പ്രതിരോധ, പ്രതിവിഷ മരുന്നും ലഭ്യമാക്കണം.
ലോകത്ത് പ്രതിവർഷം 5.4 ദശലക്ഷം കേസ്
പാമ്പുകടിയെക്കുറിച്ച് പലരും റിപ്പോർട്ട് ചെയ്യാത്തതിനാൽ കൃത്യമായ കണക്ക് ലഭ്യമല്ല. ലോകത്താകെ ശരാശരി 5.4 ദശലക്ഷം പേർക്കു പ്രതിവർഷം പാമ്പുകടിയേൽക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഇതിൽ 81,000 മുതൽ 1.38 ലക്ഷം പേർ വരെ മരിക്കുന്നു. കർഷകരും കുട്ടികളുമാണ് കൂടുതലും ഇരകളാകുന്നത്. ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലാണ് കേസുകൾ കൂടുതലും. 20 വർഷത്തിനിടെ പലമടങ്ങാണ് മരുന്നിനു വില കൂടിയത്. സോളാർ വിളക്കുകൾ, ശൗചാലയങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഗ്രാമങ്ങളിൽ എത്തിക്കുന്നതിലൂടെ പാമ്പുകളുടെ സാന്നിധ്യം ഒരുപരിധി വരെ തടയാനാകും.