Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൂടു കൂടുന്നു, പാമ്പുകൾ പുറത്തേക്ക്; മൂന്നു വർഷത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് 295 പേർ

എ.എസ്.ഉല്ലാസ്
Author Details
Snake

കോട്ടയം∙ സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് 295 പേർ. 2015ൽ 128 പേർ, 2016 ൽ 86 പേർ, 2017 ൽ 81 പേരുമാണ് മരിച്ചത്. ചൂടുകൂടുമ്പോഴാണ് പാമ്പുകൾ പുറത്തേക്ക് അധികമിറങ്ങിയതും കൂടുതൽ പേർക്ക് കടിയേറ്റതും. 2017 ൽ ഏറ്റവും പേർ പാമ്പുകടിയേറ്റ് മരിച്ചത് പാലക്കാട് ജില്ലയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 44 പേരാണ് ഇവിടെ പാമ്പുകടിയേറ്റ് മരിച്ചത്. പത്തനംതിട്ടയാണ് പാമ്പുകടി മരണം കൂടുതലായി നടന്ന രണ്ടാമത്തെ ജില്ല. 22 പേരാണ് 2017ൽ ഇവിടെ പാമ്പുകടിച്ച് മരിച്ചത്. കൊല്ലത്ത് കഴിഞ്ഞ വർഷം 15 പേർ മരിച്ചു.

ഇതെല്ലാം വനമേഖലയ്ക്ക് പുറത്തുവച്ച് നാട്ടിൻപുറങ്ങളിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ചവരാണ്. വനമേഖലയ്ക്കു പുറത്തുവച്ച് പാമ്പുകടിയേറ്റു മരിച്ചാൽ ഓരോരുത്തർക്കും ഓരോ ലക്ഷം രൂപ വീതമാണ് സംസ്ഥാന സർക്കാരിന്റെ നഷ്ടപരിഹാരം ലഭിക്കുക. പരുക്കേറ്റവരുടെ എണ്ണം ഇതിലും ഇരട്ടിയാണ്. പാമ്പുകടിച്ച് പരുക്കേറ്റാൽ 75,000 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. പട്ടികജാതി –വർഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് 75,000 രൂപ കൂടാതെ എത്ര രൂപ ചികിൽസയ്ക്കു ചെലവായാലും അതും സർക്കാർ നൽകും.

എന്നാൽ വനത്തിനുള്ളിൽ വച്ചാണ് പാമ്പുകടിയേറ്റ് മരണപ്പെടുന്നതെങ്കിൽ നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപയാണ് ലഭിക്കുക. വനത്തിൽ പോയി പാമ്പുകടിയേൽക്കുന്ന എല്ലാവർക്കും കിട്ടില്ല. വനംവകുപ്പ് അധികൃതരുടെ അനുമതിയോടെ വനത്തിൽ കയറുന്നവരെ പാമ്പുകടിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. ശബരിമല ക്ഷേത്ര ദർശനം പോലെ വനമേഖലയിലെ ആരാധാനലായങ്ങളിൽ പോകുന്നവർക്കും ഇൗ തുക നഷ്ടപരിഹാരം ലഭിക്കും. അഗസ്ത്യാർകൂടം പോലെ സന്ദർശകരെത്തുന്ന സ്ഥലത്തും ഇതിനു സ്വാഭാവികമായ നിയമപിന്തുണയുണ്ട്.

കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് കൂടുന്നുവെന്നതാണ് കാട്ടുമൃഗങ്ങൾ മൂലം ഉണ്ടായ ജീവനഷ്ടം, കൃഷി നഷ്ടം എന്നിവയ്ക്ക് സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തിലെ വർധനവ് കാണുമ്പോൾ മനസിലാകുന്നത്. 2013ൽ 4.61 കോടിയാണ് ഇൗ ഇനത്തിൽ നഷ്ടപരിഹാരം നൽകേണ്ടിവന്നതെങ്കിൽ പിന്നീടിങ്ങോട്ട് ക്രമാതീതമായ വർധനയാണ് കാണിക്കുന്നത്.

2014ൽ 6.59 കോടി, 2015ൽ 7.82 കോടി, 2016ൽ 6.81 കോടി , 2017ൽ 9.64 കോടി രൂപയും ഇൗ ഇനത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകി, 2016 മെയ് മുതൽ 2017 ഡിസംബർ വരെ 187 പേരാണ് വന്യജീവി ആക്രമണത്തിൽ മരിച്ചത്. കാട്ടാനയുടെ നാട്ടിലേക്കുള്ള വരവാണ് കൂടുതലും പ്രശ്നമായത്. ഇത്തരത്തിലുള്ള മരണവും പാലക്കാട് ജില്ലയിലാണ് കൂടുതൽ. 57 പേർ ഇൗ കാലയളവിൽ മരിച്ചു. പത്തനംതിട്ടയാണ് രണ്ടാമത്; 23 പേർ.

related stories