1,336 കോടി രൂപ നഷ്ടം; ഇന്ധന നികുതി കുറയ്ക്കില്ലെന്ന് കേന്ദ്രത്തോട് കേരളം

തിരുവനന്തപുരം∙ പെടോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ. നികുതി അഞ്ചു ശതമാനം കുറച്ചാൽ വർഷം 1,336 കോടിരൂപയുടെ നഷ്ടമുണ്ടാകുമെന്നും ഇതു സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ബാധിക്കുമെന്നും കേന്ദ്രത്തിനയച്ച കത്തിൽ സംസ്ഥാനം വ്യക്തമാക്കി. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി ലീറ്ററിനു രണ്ടു രൂപ കുറച്ചതിനു പിന്നാലെ ഇന്ധനങ്ങളുടെ മൂല്യവർധിത നികുതി കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണു സർക്കാർ കത്തയച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രനിർദേശത്തെത്തുടർന്ന് ഇന്ധന നികുതി കുറച്ചിരുന്നു.

ഡീസലിന് 24.52 ശതമാനവും പെട്രോളിന് 31.8 ശതമാനവുമാണ് സംസ്ഥാനം ഇൗടാക്കുന്ന നികുതി. ഇതിനു പുറമെ കേന്ദ്ര നികുതിയുടെ ഒരു ശതമാനം സെസ് ആയും വാങ്ങുന്നു.

ഒക്ടോബറിൽ 600 കോടി രൂപയാണ് ഇന്ധന നികുതിയായി ലഭിച്ചത്. സെപ്റ്റംബറിൽ 623 കോടിരൂപയും ഓഗസ്റ്റിൽ 548 കോടിരൂപയും ജൂലൈയിൽ 537 കോടി രൂപയും നികുതിയായി ലഭിച്ചു. സംസ്ഥാനം നികുതി വേണ്ടെന്നുവച്ചാൽ പെട്രോളിനു 17 രൂപയും ഡീസലിനും 11 രൂപയും വില കുറയും. യു‍ഡിഎഫ് സർക്കാരിന്റെ കാലത്ത് ഇന്ധന വില വർധിച്ചപ്പോൾ അതുവഴിയുള്ള അധിക നികുതി വേണ്ടെന്നു സംസ്ഥാനം തീരുമാനിച്ചിരുന്നു. ജിഎസ്ടിയും മദ്യത്തിൽ നിന്നുള്ള നികുതിയും കഴിഞ്ഞാൽ സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും കൂടുതൽ പണമെത്തുന്നത് ഇന്ധന നികുതിയായാണ്.

∙ ഇന്ധന നികുതിഘടന ഇങ്ങനെ:

പെട്രോൾ കേന്ദ്ര നികുതി: 21.48 രൂപ
കേരള നികുതി: 17.94 രൂപ
ഒരു ലീറ്റർ പെട്രോൾ വിലയിലെ ആകെ നികുതി: 39.42 രൂപ

ഡീസലിലെ കേന്ദ്ര നികുതി: 17.33
കേരള നികുതി: 12.45 രൂപ
ഒരു ലീറ്റർ പെട്രോൾ വിലയിലെ ആകെ നികുതി: 29.78 രൂപ

(ഒക്ടോബർ മൂന്നിലെ നിരക്ക്)

∙ ഇന്ധനവില കണക്കാക്കുന്നതെങ്ങനെ?

ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനു ബാരൽ (വീപ്പ) വില – 48 ഡോളർ
ലീറ്ററിനു ഗതാഗതച്ചെലവ് – രണ്ടു ഡോളർ
ആകെ – 50 ഡോളർ (3210 രൂപ)
ഒരു ബാരൽ – 159 ലീറ്റർ
ഒരു ലീറ്റർ ക്രൂഡോയിലിന്റെ വില – 20.19 രൂപ

∙ പെട്രോൾ (ഡൽഹിയിലെ വില – തുക രൂപയിൽ – ലീറ്ററിന്)

അസംസ്കൃത പെട്രോൾ
അടിസ്ഥാനവില – 20.19
പ്രവേശന നികുതി, ശുദ്ധീകരണ പ്രവർത്തന ചെലവുകൾ – 6.03
വിപണന കമ്പനികളുടെ ലാഭം, ഗതാഗത ചെലവുകൾ – 3.31
ശുദ്ധീകരിച്ച പെട്രോളിന്റെ അടിസ്ഥാനവില – 29.53

കേന്ദ്രസർക്കാരിന്റെ എക്സൈസ് നികുതി – 21.48
പെട്രോൾ പമ്പുകൾക്കുള്ള കമ്മിഷൻ – 3,23
സംസ്ഥാന സർക്കാർ നികുതി, മലിനീകരണ വിരുദ്ധ െസസ്, സർചാർജ് – 14.64
അന്തിമവില –68.88

∙ ഡീസൽ

അസംസ്കൃത ഡീസൽ
അടിസ്ഥാനവില – 20.19
പ്രവേശന നികുതി, ശുദ്ധീകരണം, പ്രവർത്തന ചെലവുകൾ – 6.38
വിപണന കമ്പനികളുടെ ലാഭം, ഗതാഗത ചെലവുകൾ - 2.55
ശുദ്ധീകരിച്ച ഡീസലിന്റെ അടിസ്ഥാന വില - 29.12

കേന്ദ്ര സർക്കാരിന്റെ എക്സൈസ് നികുതി - 17.33
പമ്പുകൾക്കുള്ള കമ്മിഷൻ - 2.17
സംസ്ഥാന സർക്കാർ നികുതി, മലിനീകരണ വിരുദ്ധ സെസ്, സർചാർജ് - 8.44
അന്തിമവില - 57.06
(അവലംബം - ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഓഗസ്റ്റ് 24, 2017)