ഗോവയെ തകർത്ത് സീസണിലെ ആദ്യവിജയവുമായി മുംബൈ (2–1)

മുംബൈ–ഗോവ ഐഎസ്എൽ മത്സരത്തിൽ നിന്ന്. ചിത്രം: പിടിഐ

മുംബൈ∙ ഐഎസ്എൽ നാലാം സീസണിലെ ആദ്യ വിജയവുമായി മുംബൈ സിറ്റി എഫ്സി. ഗോവയ്ക്കെതിരെ 2–1നാണു മുംബൈയുടെ വിജയം. ആദ്യമത്സരത്തിൽ ചൈന്നൈയിനെ തോൽപിച്ച ഗോവയുടെ സീസണിലെ ആദ്യപരാജയമാണിത്. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്നു ഗോളുകളും.

ഈ വിജയത്തോടെ രണ്ടു മത്സരങ്ങളിൽ നിന്ന് മൂന്നു പോയിന്റുമായി മുംബൈ അഞ്ചാം സ്ഥാനത്തെത്തി. തോറ്റെങ്കിലും മൂന്നു പോയിന്റുള്ള ഗോവ നാലാം സ്ഥാനത്തുണ്ട്. മുംബൈക്കു വേണ്ടി എവർട്ടൻ സാന്റോസ് (59), തിയാഗോ സാന്റോസ് (88) എന്നിവർ ഗോൾ നേടി.

അറാന റോഡ്രിഗസിന്റെ വകയാണ് ഗോവയുടെ ആശ്വാസ ഗോൾ. 59–ാം മിനിറ്റിൽ ഗോവയുടെ ഗോളി കട്ടിമണിയ്ക്കു സംഭവിച്ച പിഴവിൽ നിന്നായിരുന്നു മുംബൈയുടെ ആദ്യഗോൾ. ബോക്സിലേക്ക് മൈനസ് പാസായെത്തിയ പന്ത് അടിച്ചകറ്റുന്നതിനിടെ ഓടിയെത്തിയ എവർട്ടൻ സാന്റോസിന്റെ കാലിൽത്തട്ടി ഗോളാകുകയായിരുന്നു.