Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഞ്ജിയിൽ ചരിത്രമെഴുതി കേരളം; ഹരിയാനയെ ഇന്നിങ്സിന് തോൽപ്പിച്ച് ക്വാർട്ടറിൽ

Kerala Cricket Team രഞ്ജി ട്രോഫിയിൽ ഹരിയാനയെ ഇന്നിങ്സിനും എട്ടു റൺസിനും തോൽപ്പിച്ച് ക്വാർട്ടറിൽ പ്രവേശിച്ച കേരള ടീമിന്റെ ആഹ്ലാദം. ചിത്രം: സിബി മാമ്പുഴക്കരി

ലാഹ്‌ലി (ഹരിയാന) ∙ രഞ്ജി ട്രോഫിയിൽ നോക്കൗട്ട് റൗണ്ട് എന്ന സ്വപ്നനേട്ടം സ്വന്തമാക്കി കേരളം. ഹരിയാനയെ ഇന്നിങ്സിനും എട്ടു റൺസിനും തോൽപ്പിച്ചാണു കേരളം ക്വാർട്ടറിൽ പ്രവേശിച്ചത്. ഈ വിജയത്തോടെ നേടിയ ഏഴു പോയിന്റ് ഉൾപ്പെടെ 31 പോയിന്റോടെയാണ് കേരളത്തിന്റെ ക്വാർട്ടർ പ്രവേശനം.

ചൗധരി ബൻസിലാൽ സ്റ്റേഡിയത്തിൽ നാലാം ദിനം കളിയാരംഭിക്കുമ്പോൾ ഹരിയാനയ്ക്കു ലീഡിന് 181 റൺസ് വേണമായിരുന്നു. എന്നാൽ, ലക്ഷ്യത്തിന് എട്ട് റൺസ് അകലെവച്ച് കേരളത്തിന്റെ ചുണക്കുട്ടികൾ ഹരിയാന ബാറ്റ്സ്മാൻമാരെ ചുരുട്ടിക്കൂട്ടി. ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ചാണ് കേരളം ആദ്യമായി ക്വാർട്ടർ ഫൈനലിൽ കടന്നത്.

സ്കോർ: ഹരിയാന– 208, 173. കേരളം: 389.

ഗ്രൂപ്പ് ഘട്ടത്തിൽ ജാർഖണ്ഡ്, രാജസ്ഥാൻ, സൗരാഷ്ട്ര, ജമ്മു കശ്മീർ, ഹരിയാന എന്നീ ടീമുകളെ തോൽപ്പിച്ച കേരളം, നിലവിലെ ചാംപ്യൻമാരായ ഗുജറാത്തിനോടു മാത്രമാണു തോറ്റത്. നാലാം ദിനം ബാറ്റിങ് പുനരാരംഭിക്കുമ്പോൾ അഞ്ചു വിക്കറ്റ് കയ്യിലുണ്ടെന്ന ആശ്വാസത്തിലായിരുന്നു ഹരിയാന. എന്നാൽ ആദ്യ മണിക്കൂറിനുശേഷം കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കേരളം കളി സ്വന്തമാക്കി.

KCA രഞ്ജി ട്രോഫിയിൽ ഹരിയാനയെ ഇന്നിങ്സിനും എട്ടു റൺസിനും തോൽപ്പിച്ച് ക്വാർട്ടറിൽ പ്രവേശിച്ച കേരള ടീം. ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്, കെസിഎ

1994-95 കാലത്തു പ്രീ-ക്വാർട്ടറിൽ ഇടം നേടിയതാണ് ഇതിനു മുൻപു രഞ്ജിയിലെ കേരളത്തിന്റെ നോക്കൗട്ട് പ്രവേശനം. 1996-97ൽ സൂപ്പർ ‍ലീഗ് ഘട്ടത്തിലെത്തിയെങ്കിലും സൗത്ത് സോണിനപ്പുറം പോയില്ല. പിന്നീട് പ്ലേറ്റ്-എലൈറ്റ് രീതിയിൽ രഞ്ജി ട്രോഫി നടന്നപ്പോൾ 2002-03 സീസണിൽ പ്ലേറ്റ് വിഭാഗം ഫൈനലിലെത്തി. എന്നാൽ അവസാന നോക്കൗട്ട് ഘട്ടത്തിലെത്തിയില്ല.

ബോണസ് പോയിന്റോടെയാണ് കേരളത്തിന്റെ ജയമെന്നത് തിളക്കമേറ്റുന്നു. ഒന്നാമിന്നിങ്സില്‍ 181 റണ്‍സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്സില്‍ ഹരിയാനയെ 173 റണ്‍സിന് പുറത്താക്കി. ജലജ് സക്സേനയും എം.ഡി.നിധീഷും മൂന്നു വീതവും ബേസില്‍ തമ്പി രണ്ട് വിക്കറ്റുകളും വീഴ്ത്തി. 40 റണ്‍സെടുത്ത അമിത് മിശ്രയാണ് ഹരിയാനയുടെ ടോപ് സ്കോറര്‍. അര്‍ധസെഞ്ചുറി നേടുകയും നാല് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത കേരളത്തിന്റെ ജലജ് സക്സേനയാണു മാന്‍ ഓഫ് ദി മാച്ച്. 

Ranji-Trophy-Kerala ഹരിയാന - കേരളം രഞ്ജി ട്രോഫി മൽസരത്തിൽനിന്ന്. ചിത്രം കടപ്പാട്: കെസിഎ, ഫെയ്സ്ബുക് പേജ്.