കടലോരത്തും മലയോരത്തും വിനോദസഞ്ചാരത്തിനു പോകരുത്: മുന്നറിയിപ്പ്

തിരുവനന്തപുരത്തുണ്ടായ മഴക്കെടുതിയിൽനിന്ന്. ചിത്രം: മനോജ് ചേമഞ്ചേരി.

ന്യൂഡൽഹി∙ അടുത്ത 24 മണിക്കൂർ തെക്കൻ കേരളത്തിലും തെക്കൻ തമിഴ്നാട്ടിലും ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. ലക്ഷദ്വീപിനുമേൽ 48 മണിക്കൂർ അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളൽ 55–65 കിലോമീറ്റർ മുതൽ 75 കിലോമീറ്റർ വേഗത്തിൽ തെക്കന്‍ കേരളത്തിലും 24 മണിക്കൂറിനുള്ളിൽ തെക്കൻ തമിഴ്നാട്ടിലും വീശിയേക്കും. ഇതേ വേഗത്തിലുള്ള കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ ലക്ഷദ്വീപ് ദ്വീപുകളിൽ വീശിയടിക്കും. കാറ്റിന്റെ വേഗം 90 കിലോമീറ്റർ വരെ വർധിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപിലെ വൈദ്യുതി വിതരണ, ആശയവിനിമയ ശൃംഖലകള്‍ക്കു കനത്ത നാശനഷ്ടം സംഭവിക്കാമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത 48 മണിക്കൂർ മൽസ്യത്തൊഴിലാളികൾ കടലിലേക്കു പോകരുതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കന്യാകുമാരിക്ക് 170 കിലോമീറ്റർ തെക്കു കിഴക്ക് നിലകൊള്ളുന്ന തീവ്ര ന്യുനമര്‍ദം നിലവിലെ പ്രവചനം പ്രകാരം വടക്കു പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിനു സമീപത്തേക്കു നീങ്ങി വ്യാഴം വൈകിട്ടോടുകൂടി ശക്തമായ ചുഴലിക്കാറ്റാകുമെന്നും കേന്ദ്രം അറിയിച്ചു. മേല്‍ ന്യുനമര്‍ദ പാത്തിയുടെ നേരിട്ടുള്ള സ്വാധീനമേഖലയില്‍ തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ പ്രദേശം ഉള്‍പ്പെടുന്നുണ്ട്. പൊതു സ്വാധീന മേഖലയില്‍ കേരളവും ഉള്‍പ്പെടുന്നു. ഇതിനാൽ സംസ്ഥാനത്തു പൊതുവില്‍ മഴയും ശക്തമായ കാറ്റും ഉണ്ടാകും. മഴയുടെ തീവ്രത തെക്കന്‍ ജില്ലകളായ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം ജില്ലകളില്‍ ആയിരിക്കും കൂടുതല്‍ അനുഭവപ്പെടുക.

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് സർക്കാർ പുറത്തിറക്കിയ നിർദേശങ്ങൾ

1. കേരളത്തിലെ കടല്‍തീരത്തും മലയോര മേഖലയിലും ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുത്.
2. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഘലയില്‍ വൈകിട്ട് ആറിനും പകല്‍ ഏഴിനും ഇടയിലുള്ള യാത്ര ഒഴിവാക്കുക.
3. വൈദ്യുതിതടസം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക.
4. മോട്ടര്‍ ഉപയോഗിച്ചു പമ്പ്‌ ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ ഇന്നു പകല്‍ സമയം തന്നെ ആവശ്യമായ ജലം സംഭരിക്കുക.
5. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക.
6. വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്കു കീഴില്‍ നിര്‍ത്തിയിടരുത്.
7. മലയോര റോഡുകളില്‍, പ്രത്യേകിച്ചു നീരുറവകള്‍ക്കു മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുത്.

തിരുവനന്തപുരത്തുണ്ടായ മഴക്കെടുതിയിൽനിന്ന്. ചിത്രം: മനോജ് ചേമഞ്ചേരി.

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിര്‍ദേശം

1. വൈകിട്ട് ആറിനും പകല്‍ ഏഴിനും ഇടയില്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കുക.
2. മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക.
3. കാനന പാത തീര്‍ഥാടനത്തിനായി ഉപയോഗിക്കാതിരിക്കുക.
4. ശക്തമായ മഴ ഉള്ള അവസരത്തില്‍ സന്നിധാനത്തും തിരകെ പോകുവാനും തിരക്ക് കൂട്ടാതിരിക്കുക.
5. മരങ്ങള്‍ക്കു താഴെയും നീരുറവകള്‍ക്കു മുന്നിലും വിശ്രമിക്കാതിരിക്കുക.
6. പുഴയിലും നീരുറവകളിലും ഇന്നും നാളെയും കുളിക്കുന്നത് ഒഴിവാക്കുക. പമ്പാ സ്നാന സമയത്ത് പുഴയിലെ ഒഴുക്ക് ശ്രദ്ധിക്കുക.

മലയോര മേഖലയിലേയും തീരമേഖലയിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

1. വിനോദസഞ്ചാരികളെ ഇന്നും നാളെയും മലയോര മേഖലയിലും, ജലാശയങ്ങളിലും ഉള്ള വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കരുത്.
2. ജനറേറ്റർ, അടുക്കള എന്നിവയ്ക്ക് ആവശ്യമായ ഇന്ധനം കരുതുക.
3. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള വിദേശ വിനോദസഞ്ചാരികള്‍ക്കും ഇന്ത്യക്കാര്‍ക്കും അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
4. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പകല്‍ സമയത്തു സാധാരണയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുവാന്‍ ഡിടിപിസി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുക.

മറ്റു പ്രധാന നിർദേശങ്ങൾ

1. പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ ഡിസിട്രിക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ഇന്ന് രാത്രി ഡെപ്യൂട്ടി കലക്ടര്‍,ഡിഎം-എഡിഎമ്മിന്റെ സാന്നിധ്യം ഉണ്ടാകണം.
2. ഈ ജില്ലകളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണം. ഈ ജില്ലകളിലെ പഞ്ചായത്ത്, വില്ലേജ് ഓഫിസുകളില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടാകണം.
3. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ആവശ്യമെങ്കില്‍ സ്കൂള്‍ കോളജുകള്‍ക്ക് അവധി നല്‍കാവുന്നതാണ്.
4. ഇലട്രിക് കട്ടര്‍, മണ്ണു നീക്കുന്ന യന്ത്രം എന്നിവ ആവശ്യമെങ്കില്‍ വിട്ടുനല്‍കാന്‍ സ്വകാര്യ വ്യക്തികളോടു ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് ആവശ്യപ്പെടുക.
5. പത്തനംതിട്ട, കൊല്ലം, തിരുവന്തപുരം ജില്ലകളിലെ എല്ലാ സ്കൂളുകളുടെയും താക്കോല്‍ അതതു വില്ലേജ് ഓഫിസര്‍മാര്‍ വാങ്ങി സൂക്ഷിക്കുക.
6. തിരുവനന്തപുരം ജില്ലയില്‍ ആവശ്യമെങ്കില്‍ ആളുകളെ ഒഴിപ്പിക്കാന്‍ ഒരു താലൂക്കില്‍ രണ്ടു ബസ് എങ്കിലും കരുതുക.