Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിഗിരി പദ്ധതിയുടെ ജില്ലയിൽ കാലാവസ്ഥാ നിരീക്ഷണത്തിനു വേണ്ടത്ര സംവിധാനമില്ല: ജോസഫ് എം. പുതുശേരി

Sabarigiri powerhouse ശബരിഗിരി വൈദ്യുതി ഉത്പാദന കേന്ദ്രം (ഫയൽ ചിത്രം)

റവന്യൂ മന്ത്രിക്കും കാലാവസ്ഥാ വകുപ്പിനും ജോസഫ് എം. പുതുശേരിയുടെ തുറന്ന കത്ത്

പത്തനംതിട്ട∙ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുതി പദ്ധതിയുള്ള ജില്ലയായിട്ടും പത്തനംതിട്ടയിൽ കാലാവസ്ഥാ നിരീക്ഷണത്തിനു വേണ്ടത്ര സംവിധാനമില്ലാത്തതു ജില്ലയുടെ സുസ്ഥിര വികസനത്തെ ബാധിക്കുമെന്നു കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് എം. പുതുശേരി. ഈ പ്രളയത്തിലും വേണ്ടത്ര മുന്നറിയിപ്പു നൽകാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, ജില്ലയിൽ പ്രളയ കാലത്ത് എത്ര അളവിൽ മഴ ലഭിച്ചു എന്നതു സംബന്ധിച്ചു കൃത്യമായ വിവരമില്ലാത്ത സ്ഥിതിയുമാണ്.

ജില്ലയിൽ കോന്നിയിലും അയിരൂർ കുരുടാമണ്ണിലും മാത്രമാണ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രവുമായി ബന്ധപ്പെട്ടുള്ള മഴമാപിനികൾ പ്രവർത്തിക്കുന്നത്. പ്രളയ ദിവസം അയിരൂരിലെ മഴമാപിനി പ്രവർത്തിച്ചില്ലെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. വൈദ്യുതി ബോർഡിന്റെയും സ്വകാര്യ ചെറുകിട വൈദ്യുതി ഉൽ‌പാദകരുടേതുമായി 15 ഡാമുകളും വിയറുകളുമാണ് ജില്ലയിൽ ഉള്ളത്. ഇതിൽ പമ്പയിലും കക്കിയിലും മഴയുടെ അളവ് എടുക്കുന്നുണ്ടെങ്കിലും അത് കെഎസ്ഇബി ലോഡ് ഡെസ്പാച്ച് സെന്ററിലേക്കു മാത്രമാണ് നൽകുന്നത്. അതിനാൽ കാലാവസ്ഥാ വകുപ്പിനോ പൊതുജനങ്ങൾക്കോ മഴയുടെ അളവു സംബന്ധിച്ച് ധാരണയില്ല.

അതിവിശാലമായ അപ്പർ കുട്ടനാട് പ്രദേശത്തിന്റെ ആസ്ഥാനം എന്ന നിലയിൽ തിരുവല്ല നഗരത്തിൽ കഴിഞ്ഞ നൂറ്റാണ്ടിൽ പ്രവർത്തനം ആരംഭിച്ച മഴമാപിനി ഇപ്പോൾ പ്രവർത്തിക്കാതായതോടെ ഈ പ്രദേശത്തെ മഴ അളവു സംബന്ധിച്ച കണക്കുകൾതന്നെ ലഭ്യമല്ലാത്ത സ്ഥിതിയാണ്. വിളനാശത്തിന് ഇൻഷുറൻസ് ലഭിക്കാനും കേന്ദ്ര നിതി ആയോഗിന്റെ പദ്ധതി അംഗീകാരം ലഭിക്കാനും കുറഞ്ഞത് 20–25 വർഷത്തെ കാലാവസ്ഥാ ഡാറ്റ നിഷ്കർഷിക്കാറുണ്ട്. തിരുവല്ലയിൽ അതു നിലച്ചതോടെ ഈ വിലപ്പെ‌ട്ട ഡാറ്റയാണ് കഴിഞ്ഞ ഏഴെട്ടു വർഷമായി രേഖപ്പെടുത്താതെ പോകുന്നത്.

1970–ലെ റിപ്പോർട്ടിൽ, അന്ന് ആലപ്പുഴ ജില്ലയുടെ ഭാഗമായ തിരുവല്ലയിലെയും ചെങ്ങന്നൂരിലെയും ഹരിപ്പാട്ടെയും മാവേലിക്കരയിലെയും മങ്കൊമ്പിലെയും കായംകുളത്തെയും മഴയുടെയും ചൂടിന്റെയും കണക്കുകൾ രേഖപ്പെടുത്തിയ റെക്കോർഡ് ബുക്കുകൾ കാലാവസ്ഥാ വകുപ്പിന്റെ ഓഫിസിൽത്തന്നെ ലഭ്യമാണ്.

ഏകദേശം ഏഴു വർഷം മുൻപാണ് തിരുവല്ല പിഡബ്ല്യുഡി ഓഫിസിനു മുൻപിൽ റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കാലാവസ്ഥാ ഓഫിസ് വളപ്പിൽനിന്ന് മഴമാപിനി മോഷണം പോയത്. ഇതോടെ ഇവിടുത്തെ കണക്കുകൾ വെബ്സൈറ്റിൽനിന്ന് അപ്രത്യക്ഷമായി. പിന്നീട് തിരുവല്ലയിലെ മഴക്കണക്ക് റേഡിയോയിലോ പത്രത്തിലോ വന്നിട്ടില്ല.

താലൂക്ക് ഓഫിസിൽനിന്ന് ദിവസവും രാവിലെ മഴയുടെയും ഉച്ചസമയത്തെ വെയിലിന്റെയും അന്തരീക്ഷ ഈർപ്പത്തിന്റെയും മറ്റും കൃത്യമായ വിവരങ്ങൾ എടുത്ത് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തെ അറിയിക്കുകയും അത് ഐഎംഡിയുടെ ദേശീയ വെബ്സൈറ്റിലും ലോക കാലാവസ്ഥാ കേന്ദ്രത്തിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

കാലാവസ്ഥാ മാറ്റം നമ്മെ ഭീഷണിപ്പെടുത്തുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഏറുന്ന മഴയുടെയും താപനിലയുടെയും കണക്ക് ഭാവി ആസൂത്രണത്തിന് അനിവാര്യമാണ്. അതിനാൽ സംസ്ഥാന റവന്യു വകുപ്പ് മഴമാപിനി പുനഃസ്ഥാപിക്കുകയും ഐഎംഡിയുമായി ചേർന്ന് ഇവിടുത്തെ അളവെടുപ്പും താപനില രേഖപ്പെടുത്തലും പുനരാരംഭിക്കുകയും വേണം.

നെൽകർഷക മേഖലയായ അപ്പർ കുട്ടനാട്ടിൽ കൃഷിനാശം നേരിടുമ്പോൾ കാലാവസ്ഥാ വിവരങ്ങൾ ഇവിടെനിന്നു ലഭ്യമാക്കാൻ കഴിയുമെന്നതാണ് തിരുവല്ല കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രാധാന്യം. നാലു സെന്റോളം സ്ഥലവും വിലയേറിയ ഉപകരണങ്ങളും ഗാലറികളും മറ്റു സംവിധാനങ്ങളും തിരുവല്ല പട്ടണത്തിന്റെ മധ്യത്തിൽ വെറുതെ കാടുപിടിച്ചു നശിക്കുകയാണ് ഇപ്പോൾ. ഈ സ്ഥിതി മാറ്റി തിരുവല്ലയ്ക്കു രാജ്യത്തിന്റെ കാലാവസ്ഥാ ഭൂപടത്തിൽ, നഷ്ടപ്പെട്ട സ്ഥാനം തിരികെ നൽകണം. ഒപ്പം, പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, റാന്നി, പത്തനംതിട്ട, പന്തളം പ്രദേശങ്ങളിലും ശബരിമല ഉൾപ്പെടെ കിഴക്കൻ മലയോരത്തും മഴ അളവെടുപ്പ് ശക്തിപ്പെടുത്തണം.

ജില്ലയിലെ പതിനഞ്ചോളം ഡാം മേഖലകളിൽ പ്രധാനപ്പെട്ട ഇടങ്ങളിലെങ്കിലും പെയ്യുന്ന മഴയുടെ കണക്ക് പൊതുജനങ്ങൾക്കു കൂടി ലഭ്യമാക്കാനും ഐഎംഡിയും കെഎസ്ഇബിയും റവന്യു വകുപ്പും കൂട്ടായ ശ്രമം നടത്തണം. നവകേരളം സൃഷ്ടിക്കുമ്പോൾ കാലാവസ്ഥാ സംബന്ധമായ വിവരങ്ങൾകൂടി ലഭ്യമാക്കി സംസ്ഥാനത്തെ കാലാവസ്ഥാമാറ്റ സജ്ജമാക്കാൻ (climate smart) ശ്രമം ഉണ്ടാകണമെന്നും ഇതിനായി പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മഴമാപിനികളും താപമാപിനികളും കൂടുതലായി സ്ഥാപിക്കണമെന്നും പുതുശേരി അഭ്യർഥിച്ചു.

related stories